രാഹുല്‍ ഗാന്ധിയെ തട്ടിപ്പുകാരന്‍ എന്ന് വിളിക്കാന്‍ മടിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണത്തെ മുഖ്യമന്ത്രി അപലപിച്ചിരുന്നു. ഇത് പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.

 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവന വായിച്ചാല്‍ രാഹുല്‍ ഫ്രോഡ് ആണെന്ന് മനസ്സിലാകുമെന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ തട്ടിപ്പുകാരന്‍ എന്ന് വിളിക്കാന്‍ മടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ വിമര്‍ശനത്തിലാണ് പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണെന്ന് വിമര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവന വായിച്ചാല്‍ രാഹുല്‍ ഫ്രോഡ് ആണെന്ന് മനസ്സിലാകുമെന്നും പറഞ്ഞു. മുഖ്യമന്ത്രി ആയതിനാലാണ് മറുപടി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണത്തെ മുഖ്യമന്ത്രി അപലപിച്ചിരുന്നു. ഇത് പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.


രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം നുണകളിലും അധിക്ഷേപങ്ങളിലും വിഭജനത്തിലും മാത്രം അധിഷ്ഠിതമാണ്. രാജ്യത്തെയും രാജ്യത്തിന്റെ സ്ഥാപനങ്ങളെയും നിരന്തരം തകര്‍ക്കുന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം, സര്‍ക്കാരിനും ബിജെപിക്കുമെതിരെ വ്യാജപ്രചാരണം എന്നിവയാണ് അദ്ദേഹത്തിന്റെ രീതി. ഇതിനിടയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യുപിഎ കാലത്തെ അഴിമതിയും ദുര്‍ഭരണവും തന്നെയാണ് ആവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തെ വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണ് എന്നും അദ്ദേഹത്തെ തട്ടിപ്പുകാരനെന്ന് വിളിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ദേശദ്രോഹികള്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ ഏറ്റവും പുതിയ നാടകമാണ് അപലപിക്കപ്പെടേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പുറത്തിറക്കിയ വ്യക്തമായ പ്രസ്താവന വായിച്ചാല്‍, രാഹുല്‍ ഒരു ഫ്രോഡ് ആണെന്ന് വിവേകമുള്ള ആര്‍ക്കും മനസ്സിലാകും. രാഷ്ട്രീയത്തില്‍ ബഹുമാനം ചോദിച്ചു വാങ്ങുന്നതല്ല, രാജ്യത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചും സേവനം ചെയ്തും നേടിയെടുക്കേണ്ടതാണ്. രാഹുല്‍ ഗാന്ധിയുടെ രാജവംശ പരിവേഷമുള്ള കരിയറില്‍ അദ്ദേഹം അതൊന്നും ചെയ്തിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.