ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളുടെ മാല കവര്‍ന്നു

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് സ്ത്രീകളുടെ മാല കവര്‍ന്നു. മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ ജീവനക്കാരന് പരുക്കേറ്റു. ആറന്മുള സ്വദേശി രേഖാ നായര്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ് കവര്‍ന്നത്.

 

തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് സ്ത്രീകളുടെ മാല കവര്‍ന്നു. മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ ജീവനക്കാരന് പരുക്കേറ്റു. ആറന്മുള സ്വദേശി രേഖാ നായര്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ് കവര്‍ന്നത്. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലൂടെ നടന്നു വരികയായിരുന്ന ലക്ഷ്മിയുടെ രണ്ടു പവന്റെ മാലയാണ് കവര്‍ന്നത്. മാല പൊട്ടിച്ച് ഓടുന്നതിനിടെ റെയില്‍വേ ജീവനക്കാരന്‍ പിന്തുടര്‍ന്ന് മോഷ്ടാവിനെ പിടികൂടിയെങ്കിലും തള്ളിയിട്ടു രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെടുന്നതിനിടയില്‍ എതിരേ നടന്നുവരികയായിരുന്നു രേഖാ നായരുടെ നാലു പവന്റെ മാലയും കവര്‍ന്നു. ട്രെയിന്‍ വരുന്ന സമയം ആയതിനാല്‍ ഇരുവരും പരാതി നല്‍കാതെ യാത്രയായി. പിന്നീട് നാട്ടിലെത്തിയശേഷം പോലീസില്‍ പരാതി നല്‍കി. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആള്‍താമസം ഇല്ലാതിരുന്ന വീട്ടിലും മോഷണശ്രമം നടന്നു. ഗുരുവായൂര്‍ ദേവസ്വം റിട്ടയേര്‍ഡ് ജീവനക്കാരന്‍ പുത്തന്‍വീട്ടില്‍ സച്ചിദാനന്ദന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.

ഓട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സച്ചിദാനന്ദനും കുടുംബവും രണ്ടുദിവസം മുമ്പ് വീട് അടച്ച് ചാലക്കുടിയിലുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. അടച്ചിട്ട വീട്ടില്‍നിന്ന് ലൈറ്റ് കണ്ട് അയല്‍വാസികള്‍ നോക്കിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയം. മേഖലയില്‍ കഴിഞ്ഞ ദിവസവും സമാനരീതിയില്‍ മോഷണം നടന്നിരുന്നു