'സ്ത്രീകളെ കുറിച്ചുള്ള പരാമർശം പാടില്ലായിരുന്നു, പ്രിയദർശിനി അഭിമാന പദ്ധതി' ; ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ

സർക്കാർ സ്ത്രീകൾക്കായി അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൻറെ സൗജന്യയാത്രക്ക് സ്ത്രീകൾ തള്ളിക്ക‍യറുന്നുവെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ.

 

തിരുവനന്തപുരം : സർക്കാർ സ്ത്രീകൾക്കായി അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൻറെ സൗജന്യയാത്രക്ക് സ്ത്രീകൾ തള്ളിക്ക‍യറുന്നുവെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ.

സ്ത്രീകളെ കുറിച്ചുള്ള പരാമർശം പാടില്ലായിരുന്നു. സ്ത്രീകളോട് വിവേചനമില്ല. വിമർശനങ്ങളെ സ്വീകരിക്കുന്നു. പ്രിയദർശിനി തങ്ങളുടെ അഭിമാന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. എനിക്ക് ഈഗോ ഇല്ല, ആരെയും അടച്ചാക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല. പ്രിയദർശിനി സ്ത്രീകളുടെ ഔദാര്യമല്ല, അവകാശമാണ്. കേരളത്തിൽ ദാരിദ്ര്യം ഉണ്ട്, പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. വിവാദങ്ങൾ അവസാനിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ പരാമർശത്തിനെതിരെ യു.ഡി.എഫിൽ നിന്നടക്കം വലിയ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

സ്ത്രീകൾ ദാരിദ്ര്യം അഭിനയിക്കുകയാണ്. കാശ് വേണ്ടാത്ത കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുകയാണ്. എന്നാൽ, കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ പണം ചെലവഴിക്കുന്ന ഇവർ ആശുപത്രിയിലെത്തുമ്പോൾ പണമില്ലെന്ന് പറഞ്ഞ് സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കുന്നു. സർക്കാർ സ്‌കൂളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസില്ലാത്ത സ്വകാര്യ സ്കൂളുകളിൽ പോലും കുട്ടികളെ വിടാതെ, ഫീസുള്ള സ്‌കൂളിലേക്ക് വിടുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് ഗതാഗത മന്ത്രിയുടെ വിവാദ പ്രസ്താവന. പണക്കാർ പാവപ്പെട്ടവരായി അഭിനയിക്കുന്നുവെന്നും അത് ചെറിയ കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ പരാമർശം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക വിമർശനമാണ് ഉയർന്നത്.

സൗജന്യയാത്ര നടത്താൻ ആളുകൾ ഇടിച്ചുകയറുന്നുവെന്ന പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സി.പി. ജോൺ രംഗത്തുവന്നിരുന്നു. ഇവിടുത്തെ തൊഴിലാളി വർഗത്തിന്റെ ആഗ്രഹം മനസ്സിലാക്കുന്നതിൽ താൻ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു എന്ന സ്വയം വിമർശനമാണ് നടത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അത് വ്യഖ്യാനിക്കാനുള്ള അവകാശം ആർക്കുമുണ്ടെന്നും വ്യാഖ്യാനിച്ച് വിവാദമാക്കിയാലും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖേദ പ്രകടനം. പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയും യുവമോർച്ചയും പാലക്കാട്ട് പ്രതിഷേധം നടത്തിയിരുന്നു.