വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്.


ആശുപത്രിയിലെ കത്രികയെടുത്ത് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്‌ക്കേറ്റത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പൊലീസുകാരായ അലക്സ്, ബേബി മോഹൻ, മണിലാൽ, സന്ദീപിന്റെ ബന്ധു ബിനു എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഐ.എം.എ അറിയിച്ചു.