ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോളുടെ (30) മരണത്തിലാണ് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയത്.ഡിസംബർ 24ന് ആയിരുന്നു പറവൂർ ഡോണ്‍ബോസ്കോ ആശുപത്രിയില്‍ യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്.
യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്. പകല്‍ 12:50 ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് കാവ്യയുടെ യൂട്രസ് നീക്കം ചെയ്തു. ഇതോടെ യുവതിയുടെ നില ഗുരുതമാവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അപകട നിലയില്‍ ആയിട്ടും ആദ്യ ഘട്ടത്തില്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ വിസമ്മതിച്ചതായും ആരോപണമുണ്ട്.
വൈകുന്നേരം നാല് മണിയോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ ഏർപ്പാടാക്കി 9.30ന് അവിടെയെത്തിച്ചു.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ ഗുരുതരാവസ്ഥയിലാകുകയും ബുധനാഴ്ച വൈകുന്നേരം 5.45ന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതേ ആശുപത്രിയുടെ ചികിത്സാ പിഴവില്‍ നിരവധി ആളുകള്‍ക്ക് ജീവൻ നഷ്ടമായത് ഉള്‍പ്പടെയുള്ള അനുഭവങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ചർച്ചയാകുന്നുണ്ട്. എന്നാല്‍, ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി നിഷേധിക്കുകയാണ്.