ശക്തമായ കാറ്റും മഴയും ; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വിവിധ ദിവസങ്ങളിലെ ജാഗ്രതാ നിർദ്ദേശങ്ങളുടെ ഭാഗമായി, ഓഗസ്റ്റ് 3, 4 തീയതികളിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങൾ, തെക്കൻ ശ്രീലങ്കൻ തീരം, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അറബിക്കടൽ മേഖലയിൽ സോമാലിയ – ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിൽ (ഓഗസ്റ്റ് 3 മുതൽ 7 വരെ) മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാം. കൂടാതെ ഓഗസ്റ്റ് 6, 7 തീയതികളിൽ തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.