പാലക്കാട് എന്‍ഡിഎ അധികാരത്തിലേറുന്നത് തടയാന്‍ 'ഇന്‍ഡ്യാ' സഖ്യമുണ്ടാകുമോ ?

ബിജെപിയെ മാറ്റിനിര്‍ത്താന്‍ ആവശ്യമെങ്കില്‍ ഏത് മാര്‍ഗവും സ്വീകരിക്കും എന്നാണ് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ പറഞ്ഞത്

 

ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സഖ്യ സാധ്യത തള്ളുന്നുമില്ല.

ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത പാലക്കാട് നഗരസഭയില്‍ 'ഇന്‍ഡ്യാ' സഖ്യം ഉണ്ടാകുമോ എന്നതില്‍ ആകാംഷ. 25 സീറ്റുകള്‍ നേടിയ എന്‍ഡിഎ അധികാരത്തിലേറുന്നത് തടയാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും കൈകൊടുത്തേക്കുമെന്നാണ് സൂചന. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സഖ്യ സാധ്യത തള്ളുന്നുമില്ല.

ബിജെപിയെ മാറ്റിനിര്‍ത്താന്‍ ആവശ്യമെങ്കില്‍ ഏത് മാര്‍ഗവും സ്വീകരിക്കും എന്നാണ് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ പറഞ്ഞത്. ഒരു കാരണവശാലും ബിജെപിയും യുഡിഎഫും യോജിച്ച് പോകില്ല. അതുകൊണ്ട് നല്ല മാര്‍ഗമാണെങ്കില്‍, അത് നൂറ് ശതമാനം ശരിയായതാണെങ്കില്‍ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
സഖ്യ സാധ്യത പാലക്കാട്ടെ സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവായ എന്‍ എന്‍ കൃഷ്ണദാസും തള്ളുന്നില്ല. എല്‍ഡിഎഫിന് അപ്രതീക്ഷിതമായ പരാജയമാണ് തെരഞ്ഞടുപ്പില്‍ ഉണ്ടായത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ തോല്‍പിക്കണം എന്നതാണ് സിപിഎഐഎം എടുത്തിട്ടുള്ള നിലപാട്. അതേസമയം ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായിട്ടോ, നേരെ തിരിച്ചോ, ഇവരെ രണ്ടുപേരെയും തോല്‍പ്പിക്കാന്‍ എസ്ഡിപിഐയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ ബന്ധമുണ്ടാകുക ആപല്‍ക്കരമാണ്. എന്നാല്‍ ചില പ്രത്യേക സ്ഥിതിയില്‍ എന്ത് വേണം എന്നത് ആ സമയം വരുമ്പോള്‍ ആലോചിക്കും എന്നാണ് കൃഷ്ണദാസ് പറഞ്ഞത്.

10 വര്‍ഷമായി ബിജെപി ഭരിച്ചിരുന്ന പാലക്കാട് നഗരസഭയില്‍ ഇപ്രാവശ്യം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ബിജെപിക്ക് ഇപ്രാവശ്യം 25 സീറ്റാണ് ലഭിച്ചത്. യുഡിഎഫ് 17, എല്‍ഡിഎഫ് 8, സ്വതന്ത്രന്‍ 3 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില. ഭരണം ലഭിക്കാന്‍ 27 സീറ്റുകളാണ് കക്ഷികള്‍ക്ക് വേണ്ടത്.