മറയൂരിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്

മറയൂർ പള്ളനാട്ടിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. പള്ളനാട് സ്വദേശിയായ കാർത്തിക് പാണ്ടി എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ സ്കൂളിൽ പോകാനായി റോഡരികിൽ സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് കുട്ടിയെ കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഇടുക്കി: മറയൂർ പള്ളനാട്ടിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. പള്ളനാട് സ്വദേശിയായ കാർത്തിക് പാണ്ടി എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ സ്കൂളിൽ പോകാനായി റോഡരികിൽ സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് കുട്ടിയെ കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പള്ളനാട് ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് മൃഗത്തെ വനമേഖലയിലേക്ക് തുരത്തിയത്. 

സംഭവത്തിന് പിന്നാലെ വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രദേശത്ത് തുടർച്ചയായി കാട്ടുപോത്തുകൾ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുകയാണെന്നും കാട്ടുപോത്ത് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.മറയൂരിൽ കാട്ടുപോത്ത് വന്യമൃഗ ഭീഷണി ഉയർത്തുന്നത് ഇതാദ്യമല്ല. മുൻപ് മറയൂർ ടൗണിലും പഞ്ചായത്ത് ഓഫീസിന് സമീപവും കാട്ടുപോത്ത് ഇറങ്ങി വൻ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. അന്നുണ്ടായ അക്രമത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റിരുന്നത്. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.