വായനശാല പരിപാടിയിലേക്ക് ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; സെക്രട്ടറി അടക്കം മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ
കാസർകോട് : ചായ്യോത്ത് വായനശാല പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപത്തെ എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 6 .30 ഓടെയാണ് സംഭവം. ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്ന വിജ്ഞാന വികസന സദസിന്റെ സമാപനമായിരുന്നു ഇന്നലെ. ഈ പരിപാടിയുടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിലും മറ്റ് രണ്ടു പേർ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്. പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വായനശാലകളിലും നടത്തുന്ന പരിപാടിയാണ് വിജ്ഞാന വികസന സദസ്സ്.