'നവീന്‍ ബാബു മാനസിക ദൗര്‍ബല്യം കൊണ്ട് ആത്മഹത്യ ചെയ്തതിന് ദിവ്യയെ കുറ്റം പറയുന്നതെന്തിന്?': പി ബി ഹര്‍ഷകുമാര്‍

ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അന്വേഷണം ഉണ്ടാകില്ലേ;?' എന്നാണ് ഫേസ്ബുക്ക് വിഡിയോയിലൂടെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഹര്‍ഷകുമാര്‍ പറഞ്ഞത്.

 

'മക്കളെയും ഭാര്യയെയും ഓര്‍ക്കാതെ ഒറ്റയടിക്ക് ആത്മഹത്യ ചെയ്യണമെങ്കില്‍ ഏതുതരം മനസ്സാണ് നവീന്‍ ബാബുവിന് ഉണ്ടായിരുന്നത്

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയെ അനുകൂലിച്ചും നവീന്‍ ബാബുവിനെ വിമര്‍ശിച്ചും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹര്‍ഷകുമാര്‍. ഫേസ് ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. നവീന്‍ ബാബു മാനസിക ദൗര്‍ബല്യം കൊണ്ട് ആത്മഹത്യ ചെയ്തതിന് ദിവ്യയെ കുറ്റം പറയുന്നതെന്തിനെന്ന വിമര്‍ശനം ഉന്നയിച്ചാണ് ഹര്‍ഷകുമാര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ ദിവ്യ തെറ്റ് ചെയ്തില്ലെന്നും അദേഹം പറഞ്ഞു.

'മക്കളെയും ഭാര്യയെയും ഓര്‍ക്കാതെ ഒറ്റയടിക്ക് ആത്മഹത്യ ചെയ്യണമെങ്കില്‍ ഏതുതരം മനസ്സാണ് നവീന്‍ ബാബുവിന് ഉണ്ടായിരുന്നത്. പി പി ദിവ്യ തെറ്റുകാരി എന്ന് പറയുന്ന സിദ്ധാന്തത്തോട് യോജിക്കാന്‍ കഴിയില്ല. മരിച്ച ആള്‍ കുറ്റബോധം കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അന്വേഷണം ഉണ്ടാകില്ലേ;?' എന്നാണ് ഫേസ്ബുക്ക് വിഡിയോയിലൂടെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഹര്‍ഷകുമാര്‍ പറഞ്ഞത്.

പെട്രോള്‍ പമ്പിനായി പി പി ദിവ്യ നിരന്തരം ശുപാര്‍ശ ചെയ്തിട്ടും നവീന്‍ ബാബു അക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും പിന്നീട് ഒരു സുപ്രഭാതത്തില്‍ അനുമതി നല്‍കിയെന്നും ഹര്‍ഷ കുമാര്‍ ചൂണ്ടിക്കാട്ടി. അനുമതി നല്‍കിയത് പി പി ദിവ്യ അറിഞ്ഞെന്നും അനഭലഷണീയമായ മാര്‍ഗ്ഗത്തിലൂടെയാണ് അനുമതി നല്‍കിയതെന്ന് പി പി ദിവ്യ കരുതിയെന്നും അദേഹം പറഞ്ഞു. സിബിഐ അന്വേഷണം എന്ന ഉമ്മാക്കി നിലനില്‍ക്കാന്‍ പോകുന്നില്ലെന്നും വിഡിയോ സന്ദേശത്തിലൂടെ അദേഹം പറയുന്നുണ്ട്.