വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ എന്തിനാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്? മുഹമ്മദ് റിയാസ്

വിലകൂടിയ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടേതാണ്?

 

ഏതൊരു ജനാധിപത്യ സര്‍ക്കാരും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതയുള്ള ചോദ്യവുമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ സക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് എന്നും ഏതൊരു പൗരനും ചോദിക്കാന്‍ അവകാശമുള്ള ചോദ്യമാണിതെന്നും ഏതൊരു ജനാധിപത്യ സര്‍ക്കാരും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതയുള്ള ചോദ്യവുമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

''ഡാമുകളില്‍ വെള്ളം, വൈദ്യുതി ഉത്പാദനം കുറവ്; പുറത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങല്‍! എന്താണ് ഈ കളി?'' വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ, എന്തിനാണ് 11 രൂപയ്ക്കും 12.50 രൂപയ്ക്കും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്? ഏതൊരു പൗരനും ചോദിക്കാന്‍ അവകാശമുള്ള ചോദ്യമാണിത്. ഏതൊരു ജനാധിപത്യ സര്‍ക്കാരും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതയുള്ള ചോദ്യവുമാണിത്. ജി.എന്‍.എ. വൈദ്യുതി വേണോ, ഹിമാചല്‍ വൈദ്യുതി വേണോ?

മുഖ്യമന്ത്രിയും കെ.എസ്.ഇ.ബി നേതൃത്വവും തമ്മില്‍ തര്‍ക്കം നടക്കുന്നു. ബോര്‍ഡിലെ ചീഫ് എന്‍ജിനീയറും മുന്‍ സി.എം.ഡി രാജമാണിക്യം ഐ.എ.എസും ഹിമാചല്‍ വൈദ്യുതി മതിയെന്ന് പറയുമ്പോള്‍, ജി.എന്‍.എ. വൈദ്യുതിയാണ് ലാഭകരമെന്നും അത് വാങ്ങണമെന്നും മുഖ്യമന്ത്രി വാശിപിടിക്കുന്നു. എന്നാല്‍ ഈ തര്‍ക്കത്തിനിടയില്‍ നാം ചോദിക്കാത്ത ഒരു നിര്‍ണായക ചോദ്യമുണ്ട്: കേരളത്തിന് ഇത്രയും വിലകൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമുണ്ടായിരുന്നോ? കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക സിസ്റ്റം സ്റ്റാറ്റിസ്റ്റിക്‌സും റെഗുലേറ്ററി കമ്മീഷന്റെ കണക്കുകളും പരിശോധിച്ചാല്‍ ചില ഗൗരവകരമായ ചോദ്യങ്ങള്‍ ഉയരുന്നു.

നമ്മുടെ പ്രധാന അണക്കെട്ടുകളില്‍ ശരാശരി 73 ശതമാനത്തോളം ജലശേഖരമുണ്ട്. ഇടുക്കിയില്‍ 63%, ഇടമലയാറില്‍ 72%, കക്കിയില്‍ 69%, ബാണാസുരസാഗറില്‍ 78%, ഷോളയാറില്‍ 87%. നീരൊഴുക്കും മോശമല്ലാത്ത നിലയില്‍. എന്നിട്ടും ഒക്ടോബറില്‍ ജലവൈദ്യുതി ഉത്പാദനം പലപ്പോഴും 4-5 മില്യണ്‍ യൂണിറ്റില്‍ ഒതുങ്ങി. പീക്ക് സമയത്തെ ഉത്പാദനം 700-800 മെഗാവാട്ട് മാത്രം. അതേസമയം, റെഗുലേറ്ററി കമ്മീഷന്റെ കണക്കുകള്‍ പ്രകാരം മെയ് അവസാനം വരെ കേരളത്തിലെ ജലവൈദ്യുത നിലയങ്ങളില്‍ നിന്ന് പീക്ക് സമയത്ത് 1900 മെഗാവാട്ട് വൈദ്യുതി വരെ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര വിഹിതവും ദീര്‍ഘകാല കരാറുകളും മറ്റ് വാങ്ങലുകളും കൂടി പരിഗണിക്കുമ്പോള്‍, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകുമായിരുന്നില്ലേ?

ഇവിടെയാണ് ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നത്. ഒക്ടോബറില്‍ ജലവൈദ്യുത ഉത്പാദനം ഉയര്‍ത്തിയിരുന്നെങ്കില്‍, വി.ഇ.എന്‍. ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്ന് ടെന്‍ഡറില്ലാതെ യൂണിറ്റിന് 11 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങേണ്ടി വരുമായിരുന്നോ? പി.ടി.സി മുഖേന ഹിമാചലില്‍ നിന്ന് യൂണിറ്റിന് 12.50 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നോ? ലഭ്യമായ ചെലവുകുറഞ്ഞ വൈദ്യുതി പരമാവധി ഉപയോഗിക്കാതെ, വിലകൂടിയ വൈദ്യുതി വാങ്ങാനുള്ള തീരുമാനം എന്തിനായിരുന്നു? ഇത് കേവലം വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമല്ല. കേരളത്തിലെ ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യമാണ്.


• ജലവൈദ്യുതി ഉത്പാദനം കുറച്ചുവെച്ചത് എന്തിനാണ്?

• വിലകൂടിയ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടേതാണ്?

• ടെന്‍ഡറില്ലാതെ 11 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ സാഹചര്യമെന്താണ്?

• ഇപ്പോള്‍ മുഖ്യമന്ത്രിയും കെ.എസ്.ഇ.ബി നേതൃത്വവും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണ്?

ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിനുണ്ട്.

വൈദ്യുതി വാങ്ങുന്നതിലെ ലാഭനഷ്ട കണക്കുകള്‍ക്കപ്പുറം, ജനങ്ങളുടെ പണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് സര്‍ക്കാരിനുള്ളത്. ജനങ്ങളുടെ പണം, ജനങ്ങള്‍ക്കുള്ള വൈദ്യുതി. അതിന്റെ കണക്കും ജനങ്ങള്‍ അറിയണം. കേരളത്തിന് വിലകുറഞ്ഞ വൈദ്യുതി ലഭ്യമാക്കാമായിരുന്നിട്ടും വിലകൂടിയ വൈദ്യുതി വാങ്ങിയതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മുഖ്യമന്ത്രിയും യുഡിഎഫ് സര്‍ക്കാരും ജനങ്ങളോട് തുറന്നുപറയണം.