എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യമുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില്‍ ഇരിക്കുന്നു; പ്രശാന്തിനെതിരെ ശബരിനാഥന്‍

 എംഎല്‍എ ഹോസ്റ്റലില്‍ മുറികളും കമ്പ്യൂട്ടറും പാര്‍ക്കിങും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് നില്‍ക്കുന്നത് എന്തിനാണെന്നും ശബരിനാഥന്‍ പറഞ്ഞു.

 

ജവഹര്‍ നഗറില്‍ പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തില്‍ ചെറിയ കടമുറിക്ക് 15,000 രൂപ വരെ വാടക വാങ്ങുന്നുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഓഫീസ് മുറി വിവാദത്തില്‍ വി കെ പ്രശാന്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ശബരിനാഥന്‍. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില്‍ ഇരിക്കുന്നുവെന്ന് ശബരിനാഥന്‍ ചോദിച്ചു. എംഎല്‍എ ഉപയോഗിക്കുന്ന ഹോസ്റ്റലിന് മാസം 800 രൂപ മാത്രം വാടക വാങ്ങുന്നത് ശരിയായ നടപടിയല്ല. തിരുവനന്തപുരത്ത് ഒരു ചെറിയ ചായക്കട നടത്താന്‍ പോലും ഇതിലും വലിയ വാടക നല്‍കണം. ജവഹര്‍ നഗറില്‍ പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തില്‍ ചെറിയ കടമുറിക്ക് 15,000 രൂപ വരെ വാടക വാങ്ങുന്നുണ്ട്. എംഎല്‍എ ഓഫീസിന് 15,000 രൂപ വാടക വാങ്ങണമെന്ന് ഞാന്‍ പറയില്ല. പക്ഷെ 800 രൂപ വാങ്ങാന്‍ പാടില്ല. ഇതൊക്കെ പറയുമ്പോള്‍ കാവി അല്ലെങ്കില്‍ സംഘി പട്ടം ചുമത്തുന്നത് കണ്ട് പേടിക്കേണ്ടതില്ല. ഇവിടെ നിലപാട് പറയാന്‍ വേണ്ടി തന്നെയാണ് യുഡിഎഫിനെ വിജയിപ്പിച്ചിരിക്കുന്നതെന്നും ശബരിനാഥന്‍ പറഞ്ഞു.
എംഎല്‍എമാരുടെ ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ് സാധാരണ ഉണ്ടാവുക. എംഎല്‍എ ഹോസ്റ്റലില്‍ മുറികളും കമ്പ്യൂട്ടറും പാര്‍ക്കിങും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് നില്‍ക്കുന്നത് എന്തിനാണെന്നും ശബരിനാഥന്‍ പറഞ്ഞു. എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ശബരിനാഥന്‍ വ്യക്തമാക്കി.കേരളത്തിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചതെന്ന് ശബരിനാഥന്‍ പ്രതികരിച്ചു.
'ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎല്‍എ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ പ്രശാന്തിന്റെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള എംഎല്‍എ ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ മുറിയില്‍ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.' ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.