പള്‍സര്‍ സുനി പറഞ്ഞ ക്വട്ടേഷന്‍ നല്‍കിയ മാഡം ആരാണ് ; പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധി ന്യായത്തില്‍ കോടതി

ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞത് പള്‍സര്‍ സുനിയാണ്

 

ആരാണ് സുനിയുടെ മൊഴിയില്‍ പറഞ്ഞ മാഡമെന്നാണ് കോടതി ചോദിക്കുന്നത്.


 നടിയെ ആക്രമിച്ച കേസിലെ വിധി ന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയില്‍ പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധി ന്യായത്തില്‍ കോടതി വിമര്‍ശിക്കുന്നു. ആരാണ് സുനിയുടെ മൊഴിയില്‍ പറഞ്ഞ മാഡമെന്നാണ് കോടതി ചോദിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിധിന്യായത്തില്‍ ചൂണ്ടികാണിക്കുന്നത്. \

ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞത് പള്‍സര്‍ സുനിയാണ് എന്നാല്‍, ആദ്യഘട്ട കുറ്റപത്രത്തിലടക്കം ഇക്കാര്യം അന്വേഷണസംഘം പരിശോധിച്ചില്ലെന്ന് കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കുന്നു. കൃത്യത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി ഒരു സ്ത്രീയോടാണ് സംസാരിച്ചത്. എന്നാല്‍, ഈ വ്യക്തിയെക്കുറിച്ച് പൊലീസ് കാര്യമായി പരിശോധിച്ചിട്ടില്ല. അവരെ സാക്ഷിപോലും ആക്കിയിട്ടില്ലെന്നും ഉത്തരവിലുണ്ട്.


സുനിലുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയെന്ന് പറഞ്ഞ്  പ്രോസിക്യഷന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഈ സ്ത്രീയ്ക്ക് കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കേണ്ടതായിരുന്നു. അവരെ ചോദ്യം ചെയ്‌തോ എന്നതില്‍ പോലും വ്യക്തതയില്ല. സ്ത്രീയുടെ ക്വട്ടേഷന്‍ എന്ന് ആദ്യം പറഞ്ഞ സുനില്‍ ദിലീപിന് എഴുതിയ കത്തില്‍ അത് മാറ്റി പറഞ്ഞു. ഇക്കാരണം കൊണ്ടെങ്കിലും കൃത്യത്തിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നു.