ആരാവണം മുഖ്യമന്ത്രി ? ഗ്രൂപ്പ് പോരിന് വളമിട്ട് വി.ഡി ക്യാമ്പ്; അതൃപ്തിയില്‍ ഹൈക്കമാന്റ്

ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദ്ദത്തിലാക്കി അനുകൂല തീരുമാനം ഉണ്ടാക്കാനാണ് വിഡി ക്യാമ്പ് ലക്ഷ്യമിടുന്നത്. 

 

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് വീണ്ടും ശക്തിപ്പെടുത്താനാണ് നീക്കം.

കൊച്ചി:ഗ്രൂപ്പുകള്‍ക്കതീതമായി ചിട്ടയൊപ്പിച്ചു നടത്തിയ പ്രചാരണത്തിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വിജയത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കേ, മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങി.

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് വീണ്ടും ശക്തിപ്പെടുത്താനാണ് നീക്കം.വിദേശരാജ്യങ്ങളില്‍ നിന്ന് വാട്സ് ആപ്പുപോലുള്ള സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണത്തിന് വിഡി ക്യാമ്പ് ആഹ്വാനം ചെയ്തിരുക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചലനം സൃഷ്ടിക്കാന്‍ ഈ നീക്കത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും, കോണ്‍ഗ്രസ് പഴയ ഗ്രൂപ്പ്കളിയുടെ കാലത്തേക്ക് തിരിച്ചു പോവുകയാണെന്ന മട്ടില്‍ ഇടത് മാധ്യമങ്ങള്‍ വ്യാപകമായി വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. 

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ തഴഞ്ഞ് വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന്  ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിന് കൂട്ടത്തോടെ ഇമെയില്‍ അയക്കാനാണ് കൊച്ചി ലോബിയുടെ ആഹ്വാനം. യുകെയിലെ വിറാല്‍ എന്ന സ്ഥലത്തെ മലയാളി അസോസിയേഷന്റെ  വാട്സ്ആപ്പ് ഗ്രൂപ്പില്‍ വി.ഡി സതീശന്‍ അനുകൂലിയായ ഒരാള്‍ പങ്കുവെച്ച സന്ദേശം പുറത്തുവന്നിരുന്നു. 

തൊട്ടു പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് 24 ന്യൂസ് ടി.വി ചാനല്‍ പുറത്തുവിടുകയും ചെയ്തു. കെ. സി.വേണുഗോപാല്‍ അല്ല, വി.ഡി.സതീശനാണ് മുഖ്യമന്ത്രിയാവേണ്ടത് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, 
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് വ്യാപകമായി ഇമെയില്‍ അയക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ളതാണ് പുറത്തു വന്ന സന്ദേശം. മൂന്ന് നേതാക്കളുടെയും ഇമെയില്‍ ഐഡികളും സന്ദേശത്തില്‍ കൊടുത്തിട്ടുണ്ട്. 

യുഡിഎഫ് അനുകൂല വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ഇത് പ്രചരിപ്പിക്കാനാണ് നീക്കം. വി.ഡി. സതീശന്റെ വിശ്വസ്തരായ ചിലരാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് സൂചന. ഇത്തരത്തില്‍ ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദ്ദത്തിലാക്കി അനുകൂല തീരുമാനം ഉണ്ടാക്കാനാണ് വിഡി ക്യാമ്പ് ലക്ഷ്യമിടുന്നത്. 

അതേ സമയം, യുഡിഎഫിന് ഭൂരിപക്ഷം കിട്ടുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ഒരു തര്‍ക്കവും ഉണ്ടാകില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാല്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറയുന്നു. 

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഇതേ നിലപാടിലാണ്. നിയമസഭയിലേക്ക് മത്സരരംഗത്തില്ലാതിരുന്ന ആരെയെങ്കിലും ഹൈക്കമാന്റ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാലും കെപിസിസി ആ തീരുമാനം അംഗീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നാണ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങിയവരുടെയും നിലപാട്. 

വി.ഡി സതീശന്‍ ക്യാമ്പിന്റെ നീക്കങ്ങള്‍ ഹൈക്കമാന്റും ഗൗരവത്തോടെയാണ് കാണുന്നത്. ഗ്രൂപ്പ് തര്‍ക്കങ്ങളോ വിമതശല്യമോ ഇല്ലാതെ ഇത്തവണ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായും വിജയകരമായും നയിച്ചത് കെ.സി.വേണുഗോപാലാണെന്ന് എഐസിസി അധ്യക്ഷനും രാഹുല്‍ ഗാന്ധിക്കും ബോധ്യമുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അവസാന കാലങ്ങളില്‍ വി.ഡി.സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ചില നിലപാടുകളും കേരളത്തില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്തിരുന്നുവെന്നും ഹൈക്കമാന്റിന് പരാതികള്‍ ലഭിച്ചിരുന്നു. 

ചില പ്രമുഖ സമുദായ സംഘടനകളെ ഉള്‍പ്പെടെ ശത്രുപക്ഷത്താക്കാന്‍ ആ നിലപാടുകള്‍ കാരണമായെന്നും പരാതികളുണ്ട്. ഇതിനു പുറമേ, മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കാനുള്ള നീക്കങ്ങളും ഹൈക്കമാന്റ് അതീവ ഗൗരവത്തോടെ കാണുന്നു. കെ. കരുണാകരന്‍ - എ.കെ.ആന്റണി  കാലഘട്ടത്തിലെ ഗ്രൂപ്പ് വഴക്കുകളുടെ ദുഷിച്ച രാഷ്ട്രീയാന്തരീക്ഷം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം ഒരു തരത്തിലും പൊറുപ്പിക്കാനാവില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്.