പ്രസാധകര്‍ ആത്മകഥ തിരുത്താന്‍ ആവശ്യപ്പെടുമ്പോള്‍ 'സാധ്യമല്ല' എന്നതിനപ്പുറം മറുപടി സോണിയാ ഗാന്ധി പറയില്ല എന്നത് കട്ടായം: പിന്തുണച്ച് മന്ത്രി റോജി എം. ജോണ്‍
പ്രസാധകര്‍ ആത്മകഥ തിരുത്താന്‍ ആവശ്യപ്പെടുമ്പോള്‍ 'സാധ്യമല്ല' എന്നതിനപ്പുറം മറുപടി സോണിയാ ഗാന്ധി പറയില്ല എന്നത് കട്ടായം: പിന്തുണച്ച് മന്ത്രി റോജി എം. ജോണ്‍
വാക്കുകളില്‍ മയപ്പെടുത്തലുകളോ, ലാഭത്തിന് വേണ്ടിയുള്ള വെള്ളപൂശലുകളോ ഇല്ലാതെ സ്വന്തം ജീവിതത്തെ രേഖപ്പെടുത്തി വെക്കാന്‍ ഒരു മനുഷ്യന് അസാധാരണമായ ധൈര്യം വേണം.
പൊതുസമൂഹത്തിന് മുന്നില്‍ അവര്‍ മറച്ചുവെച്ചത് അവരുടെ കണ്ണീരും വ്യഥകളും മാത്രമാണ്
സ്വന്തം ജീവിതത്തെ യാതൊരുവിധ വെള്ളപൂശലുകളുമില്ലാതെ തുറന്നുകാട്ടിയ സോണിയ ഗാന്ധിയുടെ ആത്മകഥ തിരുത്താന്‍ പ്രസാധകര്‍ ആവശ്യപ്പെടുന്നതിനോട് 'സാധ്യമല്ല ' എന്നതിനപ്പുറം ഒരു മറുപടി ഉണ്ടാകില്ലന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും എഐസിസി സെക്രട്ടറിയുമായ റോജി എം. ജോണ്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രി റോജി.എം.ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട അമ്മ ഇന്ദിരാഗാന്ധിയുടെ വെടിയുണ്ടകളേറ്റ് തുളഞ്ഞുപോയ ശരീരം സ്വന്തം മടിയില്‍ വഹിച്ച് ഡല്‍ഹി എയിംസിന്റെ ഇടനാഴിയിലേക്ക് ചോരയില്‍ മുങ്ങിക്കുളിച്ച് ഓടിക്കയറിയ ഒരു സോണിയ ഗാന്ധിയുണ്ട്. പ്രാണന്റെ പ്രാണനായ പ്രിയതമന്റെ ചിന്നിച്ചിതറി മാംസപിണ്ഡങ്ങള്‍ മാത്രമായിപ്പോയ മൃതദേഹത്തിനരികില്‍ ഒരു അന്ത്യചുംബനം പോലും നല്‍കാന്‍ കഴിയാതെ നിസ്സഹായയായി മരവിച്ചുനിന്നുപോയ ഒരു സോണിയ ഗാന്ധിയുണ്ട്. തന്റെ രണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് മാറിനില്‍ക്കാന്‍ വെമ്പിയ ഒരു സോണിയ ഗാന്ധിയുണ്ട്. ഒരിക്കലും ആഗ്രഹിക്കാതിരുന്നിട്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാരഥ്യം സാഹചര്യങ്ങളാല്‍ ഏറ്റെടുക്കേണ്ടി വന്ന ഒരു സോണിയ ഗാന്ധി. 2004ല്‍ ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിന് തൊട്ടരുകില്‍ നിന്ന് Dr. മന്‍മോഹന്‍ സിങ് എന്ന സാമ്പത്തിക വിദഗ്ദ്ധനെ ചൂണ്ടിക്കാട്ടിയ ഒരു സോണിയ ഗാന്ധിയുണ്ട്.
ജീവിച്ചുതീര്‍ത്ത കാലം മുഴുവന്‍ വിടാതെ പിറകെ കൂടിയ അപവാദ പ്രചാരണങ്ങള്‍, അടിമുടി ഇന്ത്യക്കാരിയായി ജീവിച്ചപ്പോഴും വിദേശ വനിതയെന്ന ആക്ഷേപങ്ങള്‍, വ്യക്തിപരമായ കനത്ത നഷ്ടങ്ങള്‍... അപ്പോഴൊക്കെയും ഏറെക്കുറെ Unfiltered ആയ, Unedited ആയ ഒരു ജീവിതമാണ് സോണിയ ഗാന്ധി ജീവിച്ചുതീര്‍ത്തത്. പൊതുസമൂഹത്തിന് മുന്നില്‍ അവര്‍ മറച്ചുവെച്ചത് അവരുടെ കണ്ണീരും വ്യഥകളും മാത്രമാണ്. അങ്ങിനെ ഒരാളോടാണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആത്മകഥ തിരുത്താന്‍ ആവശ്യപ്പെടുന്നത്. സാധ്യമല്ല എന്നതിനപ്പുറം ഒരു മറുപടി സോണിയ ഗാന്ധിയില്‍ നിന്ന് ഉണ്ടാവുകയില്ലെന്നത് കട്ടായം. വാക്കുകളില്‍ മയപ്പെടുത്തലുകളോ, ലാഭത്തിന് വേണ്ടിയുള്ള വെള്ളപൂശലുകളോ ഇല്ലാതെ സ്വന്തം ജീവിതത്തെ രേഖപ്പെടുത്തി വെക്കാന്‍ ഒരു മനുഷ്യന് അസാധാരണമായ ധൈര്യം വേണം. ആ ധൈര്യം സോണിയ ഗാന്ധിക്കുണ്ട്. ഒരു തുറന്ന പുസ്തകം ആയിരിക്കാനുള്ള അസാമാന്യമായ ധൈര്യം.