അനാഥാലയത്തില്‍ മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മകനും കുടുംബവും വീടുപൂട്ടി പോയി

അനാഥാലയത്തില്‍ മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മകനും കുടുംബവും വീടുപൂട്ടി പോയി. വീട്ടുമുറ്റത്ത് പൊതുദർശനത്തിനു കിടത്തിയ മൃതദേഹം മണിക്കൂറുകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.അ

 

മൃതദേഹം കൊണ്ടുവന്നതറിഞ്ഞ മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു

തൃശ്ശൂർ: അനാഥാലയത്തില്‍ മരിച്ചയാളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ മകനും കുടുംബവും വീടുപൂട്ടി പോയി. വീട്ടുമുറ്റത്ത് പൊതുദർശനത്തിനു കിടത്തിയ മൃതദേഹം മണിക്കൂറുകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.അച്ഛന്റെ മൃതദേഹം വീട്ടുപടിക്കല്‍ എത്തിയ ഉടന്‍ മകനും മരുമകളും വീടുപൂട്ടി പുറത്തേക്ക് പോകുകയായിരുന്നു. തിരിച്ചുവന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് കൂട്ടാക്കിയില്ല.

പനി ബാധിച്ച്‌ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തോമസ് മരിച്ചത്. മണലൂര്‍ സാന്‍ജോസ് കെയര്‍ഹോമിലായിരുന്നു അന്ത്യം. കെയര്‍ഹോമിലെ നടപടികള്‍ക്ക് ശേഷം സ്വന്തം വീട്ടിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി ഇടവക പള്ളിയില്‍ മൃതദേഹം അടക്കാനായി രാവിലെ ഒര്‍പതരയോടെ വീട്ടിലെത്തിച്ചു.

ഈ സമയത്ത് കാരമുക്ക് കൃപാസനത്തില്‍ താമസിക്കുന്ന തോമസിന്റെ ഭാര്യ റോസിലിയും ഇവിടേക്ക് എത്തിയിരുന്നു. മൃതദേഹം കൊണ്ടുവന്നതറിഞ്ഞ മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

മകനെ വിളിച്ച്‌ പലരും തിരികെ വന്ന് മൃതദേഹം വീടിനുള്ളില്‍ കയറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പഞ്ചായത്ത് അധികൃതരും അന്തിക്കാട് പോലീസും ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെ പുറത്താക്കിയ വീട്ടിലേക്ക് തങ്ങള്‍ക്ക് കയറേണ്ടെന്ന് റോസിലി തീരുമാനിച്ചു. ശേഷം മൃതദേഹം മുറ്റത്ത് മഞ്ചയില്‍ കിടത്തുകയായിരുന്നു.