പ്രസവ വേദനയില്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയില്‍ ; ഡോക്ടറുമില്ല ; ആശുപത്രി പാര്‍ക്കിംഗില്‍ ബന്ധുവിന്റെ സഹായത്തോടെ പ്രസവിച്ച് യുവതി

ഗേറ്റില്‍ പലതവണ മുട്ടുകയും സഹായത്തിനായി ഉറക്കെ വിളിക്കുകയും ചെയ്തിട്ടും ആരും പ്രതികരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നത്.

 

അടിയന്തിര സഹായത്തിനായി ഡോക്ടര്‍മാരോ മറ്റ് മെഡിക്കല്‍ ജീവനക്കാരോ അവിടെ ഉണ്ടായിരുന്നില്ല.

പ്രസവ വേദനയില്‍ പുളഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയില്‍ വൈദ്യ സഹായം നല്‍കാന്‍ ഡോക്ടറുമില്ല. ആശുപത്രി പാര്‍ക്കിംഗില്‍ ബന്ധുവിന്റെ സഹായത്തോടെ മൊബൈല്‍ വെളിച്ചത്തില്‍ പ്രസവിക്കേണ്ട ഗതികേടില്‍ യുവതി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഫരീദാബാദ് സെക്ടര്‍ 3ലുള്ള ഫസ്റ്റ് റഫറല്‍ യൂണിറ്റ് ആശുപത്രിയിലാണ് സംഭവം. മുപ്പത് ബെഡുകളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സയും നല്‍കിയിരുന്നു. ബാഡോലി ഗ്രാമത്തില്‍ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് പ്രസവവേദനയെ തുടര്‍ന്ന് ഇവിടെയെത്തിച്ചപ്പോള്‍ ഈ ദുരനുഭവം ഉണ്ടായത്. പുലര്‍ച്ചെ 1.40ഓടെയാണ് യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നതനുസരിച്ച്, ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രധാന ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അടിയന്തിര സഹായത്തിനായി ഡോക്ടര്‍മാരോ മറ്റ് മെഡിക്കല്‍ ജീവനക്കാരോ അവിടെ ഉണ്ടായിരുന്നില്ല.


ഗേറ്റില്‍ പലതവണ മുട്ടുകയും സഹായത്തിനായി ഉറക്കെ വിളിക്കുകയും ചെയ്തിട്ടും ആരും പ്രതികരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നത്.യുവതിയുടെ അവസ്ഥ വഷളായതോടെ, കുടുംബാംഗങ്ങള്‍ പിന്നിലെ മറ്റൊരു ഗേറ്റിലൂടെ ആശുപത്രി വളപ്പില്‍ പ്രവേശിച്ച് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരഞ്ഞെങ്കിലും ആരും സമയത്തിന് എത്തിയില്ല. പ്രസവവേദന അസഹനീയമാവുകയും പെട്ടെന്ന് സഹായമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ, മുന്‍പ് പ്രസവമെടുത്ത പരിചയമുള്ള ഒരു ബന്ധു ഇടപെടുകയും ആശുപത്രി പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് പ്രസവം നടത്താന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് വെളിച്ചം ഉപയോഗിച്ചാണ് ഇവര്‍ പ്രസവമെടുത്തത് എന്നാണ് ബന്ധുക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് അമ്മയെയും നവജാതശിശുവിനെയും ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് മാറ്റിയതായും ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.