യാതൊരു പ്രശ്‌നവുമില്ലാത്ത ഭൂമി കണ്ടെത്തിയപ്പോള്‍ പുതിയ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങി ; വിമര്‍ശനവുമായി ടി സിദ്ദിഖ്
ടൗണ്‍ഷിപ്പ് വന്നാല്‍ ഫെന്‍സിംഗും സുരക്ഷാ സംവിധാനങ്ങളും വരുമെന്നും, വന്യമൃഗശല്യം കുറയുമെന്നും പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ സമീപിച്ചത്.
വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍, ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്.
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി കോണ്‍ഗ്രസ് വീട് നല്‍കുന്നത് തടയാനുള്ള ശ്രമം നടക്കുകയാണെന്നും വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍ ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും ടി സിദ്ദിഖ് എംഎല്‍എ.
ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സര്‍ക്കാര്‍ (സിപിഎം അല്ല) ടൗണ്‍ഷിപ്പ് വരാന്‍ തീരുമാനിച്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുലി ഇറങ്ങിയ വാര്‍ത്ത കഴിഞ്ഞ ജനുവരിയിലും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആനയും പുലിയുമടക്കമുള്ള വന്യജീവികള്‍ ഇടയ്ക്കിടെ ഇറങ്ങുന്ന സ്ഥലം തന്നെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ്.
എന്നാല്‍ ആ ഘട്ടത്തില്‍ ഞങ്ങള്‍ ഈ വിഷയം ഉയര്‍ത്തിയില്ല. കാരണം വ്യക്തമായിരുന്നു - ജനങ്ങളുടെ പക്കല്‍ നിന്ന് പിരിച്ച പണം കൊണ്ട് ദുരന്തബാധിതര്‍ക്ക് വീടൊരുക്കുന്ന പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കരുത്. ടൗണ്‍ഷിപ്പ് വന്നാല്‍ ഫെന്‍സിംഗും സുരക്ഷാ സംവിധാനങ്ങളും വരുമെന്നും, വന്യമൃഗശല്യം കുറയുമെന്നും പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ സമീപിച്ചത്.
പക്ഷേ, കോണ്‍ഗ്രസ് ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം റവന്യൂ തടസ്സം സൃഷ്ടിച്ചവര്‍, ഒടുവില്‍ യാതൊരു പ്രശ്‌നവുമില്ലാത്ത ഭൂമി കണ്ടെത്തിയപ്പോള്‍ പുതിയ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പുലി ഇറങ്ങിയെന്ന് എഴുതിയ അതേ ദേശാഭിമാനിയും സഖാക്കളും ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചപ്പോള്‍ നിശ്ശബ്ദരായി. എന്നാല്‍ ഇപ്പോള്‍ 'ആനക്കാട്' എന്ന പുതിയ കഥ പറഞ്ഞ് കോണ്‍ഗ്രസ് ദുരന്തബാധിതര്‍ക്ക് വീട് നല്‍കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നത്.
''സമീപത്തെ വനമേഖലയില്‍ നിന്നാണ് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് ഒരുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വന്യമൃഗങ്ങള്‍ എത്തുന്നത്'' ദേശാഭിമാനി തന്നെ എഴുതിയതാണ് ഇത്.
വയനാട്ടില്‍ നഗരമധ്യത്തിലേക്കുപോലും പുലിയും കടുവയും ആനയും ഇറങ്ങുന്നത് തടയാന്‍ കഴിയാത്തവര്‍, ഇന്ന് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്.