'എയര്‍പോര്‍ട്ട് റോഡിലൂടെ വേഗത്തില്‍ വണ്ടിയോടിച്ചാല്‍ എന്താണ് കുഴപ്പം', കേസ് വാപ്പ നോക്കികോളും ; മൂന്നു ജീവനുകള്‍ നഷ്ടമായിട്ടും കൂസലില്ലാതെ സുഹൈല്‍ ; മിനി കൂപ്പര്‍ മകന് സമ്മാനിച്ചത് മാതാവ്

അപകടത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.

 

കേസ് വാപ്പ നോക്കിക്കൊള്ളുമെന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും സുഹൈല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

തന്റെ കാറിടിച്ച് മൂന്ന് ജീവനുകള്‍ പൊലിഞ്ഞിട്ടും യാതൊരു കൂസലുമില്ലാതെ നാട്ടുകാരോട് ആക്രോശിച്ച് സുഹൈല്‍. അമിതവേഗത്തില്‍ വാഹനമോടിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സുഹൈല്‍ തട്ടിക്കയറിയത്. 'എയര്‍പോര്‍ട്ട് റോഡിലൂടെ വേഗത്തില്‍ വണ്ടിയോടിച്ചാല്‍ എന്താണ് കുഴപ്പം' എന്നും സുഹൈല്‍ ചോദിച്ചു. കേസ് വാപ്പ നോക്കിക്കൊള്ളുമെന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും സുഹൈല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.


അപകടത്തിനുശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പിറന്നാള്‍ സമ്മാനമായി മാതാവാണ്  സുഹൈലിന് മിനികൂപ്പര്‍ സമ്മാനിച്ചത്.വാഹനത്തിന്റെ രജിസ്ട്രേഷന്‍ പിതാവിന്റെ പേരിലാണ്. മണിക്കൂറില്‍ 218 കിലോമീറ്റര്‍ വേഗത്തില്‍ ഈ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ സുഹൈല്‍ ഏതാനും നാള്‍ മുമ്പ് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. അപകടസമയത്ത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് സുഹൈല്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.
സുഹൈലിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം നടക്കുമ്പോള്‍ ഇയാളും വാഹനത്തിനുള്ളിലുണ്ടായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കാന്‍ സുഹൈലിനെ പ്രേരിപ്പിച്ചതിനാണ് നിനവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയോടെയാണ് അത്താണി സിഗ്‌നലിനു സമീപം അപകടമുണ്ടായത്. ആഡംബര കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. വയനാട് സ്വദേശി ദേവിക (21), മംഗലാപുരം സ്വദേശി ഇയാസ് (21), പാലക്കാട് സ്വദേശി ഗോപിക (21) എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലെ സ്വകാര്യ ഷോപ്പിലെ ജീവനക്കാരാണ് മരിച്ച മൂവരും.