പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെയാണ് പറയേണ്ടത്; പരസ്യ പ്രതികരണം നടത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് സണ്ണി ജോസഫ്

തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പരസ്യവിമര്‍ശനം ഉന്നയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെയാണ് പറയേണ്ടതെന്നും ഇത്തരം വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് പരസ്യവിമര്‍ശനം ഉന്നയിച്ച കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെയാണ് പറയേണ്ടതെന്നും ഇത്തരം വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നതിനോട് തനിക്ക് യോജിക്കാനാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശേഷാദ്രിനാഥന്‍ സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളാണെന്നും ഈ തീരുമാനത്തിലൂടെ യുഡിഎഫ് വലിയ വില കൊടുക്കേണ്ടി വരുമെന്നുമായിരുന്നു നിയാസിന്റെ പ്രധാന വിമര്‍ശനം. ഇതിനെതിരെയാണ് കെപിസിസി അധ്യക്ഷന്‍ നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കെപിസിസി നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും, പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാത്തതിനാലാണ് കത്ത് വാര്‍ത്തയായപ്പോള്‍ പ്രതികരിക്കേണ്ടി വന്നതെന്നും പിഎം നിയാസ് പ്രതികരിച്ചു. ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ വഴിയും വാട്‌സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടുമാണ് താന്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരാതിയുടെ പകര്‍പ്പുകള്‍ മുഖ്യമന്ത്രി, എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് അയച്ചതെന്നും നിയാസ് പ്രതികരിച്ചു.