കരാറില്‍ സാക്ഷിയായതിന്റെ പ്രതിഫലമോ ? യുഷറഫലിയുടെ അക്കൗണ്ടിലെത്തിയത് രണ്ടു കോടി ; എസ്‌ഐടിയുടെ കണ്ടെത്തല്‍
ആര്‍ബിസിയുടെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് രണ്ട് കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ എസ്‌ഐടി കണ്ടെത്തിയത്.
തുടക്കം മുതല്‍ നടത്തിയ ഇടപാടുകള്‍ സംശയാസ്പദമായിരുന്ന സാഹചര്യത്തിലാണ് യു ഷറഫലിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടിരുന്നത്.
ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിയുടെ സ്‌പോര്‍ട്‌സ് അക്കാദമിക്ക് സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആര്‍ബിസി) യില്‍ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തല്‍. ആര്‍ബിസിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിന് രണ്ട് കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ ലഭിച്ചത്. പണം കൈമാറിയതിന്റെ രേഖകള്‍ എസ്‌ഐടി ശേഖരിച്ചു. ഷറഫലിയെ എസ്‌ഐടി ഉടന്‍ ചോദ്യം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടും മുമ്പേ സ്‌പോണ്‍സറും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയായിരുന്നു.
മെസിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പിന്റെ തുടക്കം മുതല്‍ നടത്തിയ ഇടപാടുകള്‍ സംശയാസ്പദമായിരുന്ന സാഹചര്യത്തിലാണ് യു ഷറഫലിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടിരുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഷറഫലിക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ ആണ് ഷറഫലിയെയും കേസില്‍ പ്രതി ചേര്‍ത്തത്. ഇതിനിടെ, ആര്‍ബിസിയുടെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് രണ്ട് കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകള്‍ എസ്‌ഐടി കണ്ടെത്തിയത്.
2025 സെപ്റ്റംബര്‍ മാസത്തിലാണ് യു ഷറഫലി എംഡിയായ അരീക്കോട്ടെ സ്‌പോര്‍ട്‌സ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ആര്‍ബിസിക്ക് വിട്ടുനല്‍കിയത് പണം കൈമാറ്റം നടന്ന കാലയളവിലാണെന്നത് ദുരൂഹമാണ്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ആര്‍ബിസി ഉണ്ടാക്കിയ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി കിട്ടും മുമ്പേ യു ഷറഫലി സാക്ഷിയായി ഒപ്പുവെച്ചത് സംശയാസ്പദമായിരുന്നു. താനൊരു ഫുട്‌ബോള്‍ ആരാധാകനാണെന്നും മെസിയെ കൊണ്ടുവരുന്നതിന് ഒപ്പം നിന്നുവെന്നുമായിരുന്നു ഷറഫലിയുടെ വിശദീകരണം.