നാട്ടുകാര്‍ നല്‍കിയ പണം അക്കൗണ്ടിലുണ്ടോ എന്ന് അവര്‍ അറിഞ്ഞാല്‍ എന്താണ് കുഴപ്പം ; വി ഡി സതീശനു മറുപടിയുമായി നികേഷ് കുമാര്‍
പ്രവാസി മലയാളിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായും, കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കാതെ തുക വകമാറ്റിയതായും വീഡിയോയില്‍ നികേഷ് ആരോപിക്കുന്നു.
വയനാട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം വി നികേഷ് കുമാര്‍ ഉയര്‍ത്തിയത്.
വയനാട് ഫണ്ട് വിഷയത്തില്‍ വീണ്ടും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എം വി നികേഷ് കുമാര്‍. നികേഷ് കുമാര്‍ ആരാണ് തന്നോട് ചോദ്യം ചോദിക്കാന്‍ എന്ന വി ഡി സതീശന്റെ വാക്കുകള്‍ക്ക് മറുപടിയുമായാണ് നികേഷ് കുമാറിന്റെ പുതിയ വീഡിയോ. ഫണ്ട് സമാഹരണത്തിനായി ഉപയോഗിച്ച ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ സ്റ്റേറ്റ്മെന്റുകള്‍ പുറത്തുവിടണമെന്ന് നികേഷ് വീണ്ടും ആവശ്യപ്പെട്ടു. വന്‍ തുക കൊടുത്തവര്‍ അവരുടെ പണം അക്കൗണ്ടിലുണ്ടോ എന്ന് പരിശോധിച്ചാല്‍ എന്താണ് കുഴപ്പം. നാട്ടുകാര്‍ നല്‍കിയ പണം അക്കൗണ്ടിലുണ്ടോ എന്ന് അവര്‍ അറിഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും നികേഷ് ചോദിച്ചു.
മുസ്ലിം ലീഗ് ഉപയോഗിച്ച അതേ ആപ്പ് തന്നെയാണ് കോണ്‍ഗ്രസും ഉപയോഗിച്ചത്. ലീഗിന്റെ ആപ്പിന്റെ ഈച്ചകോപ്പിയായ ഒരു ആപ്പ് നിര്‍മ്മിക്കാന്‍ മാത്രം 9.30 ലക്ഷം രൂപയാണ് ചെലവാക്കിയത്. കെപിസിസി പ്രസിഡന്റ് സിഗരറ്റ് പാക്കറ്റിന് പിന്നില്‍ എഴുതി കൊണ്ട് വന്ന കണക്കാണ് ഇതെന്നും നികേഷ് പരിഹസിച്ചു. ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് മാര്‍ച്ച് 31ന് 52,79,000 രൂപ പാലക്കാട്ടെ അക്കൗണ്ടിലേക്ക് മാറ്റി. 2024ല്‍ ഹാരിസ് എന്നയാള്‍ക്ക് 16 ലക്ഷം രൂപ കൊടുത്തു. അതും കെപിസിസി പ്രസിഡന്റിന്റെ കണക്കില്‍ ഇല്ലെന്നും നികേഷ് ആരോപിച്ചു.
വയനാട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം വി നികേഷ് കുമാര്‍ ഉയര്‍ത്തിയത്. അടുത്തിടെ കണക്കുകള്‍ പുറത്ത് വിട്ടപ്പോള്‍ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിനെക്കുറിച്ച് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും, ഫെഡറല്‍ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചിലുള്ള മറ്റൊരു അക്കൗണ്ടിനെ (അക്കൗണ്ട് നമ്പര്‍: 13740200004964) കുറിച്ച് എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്ന് നികേഷ് ചോദിക്കുന്നു.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോയിന്റ് ആയിട്ടാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഈ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പൊതുജനങ്ങള്‍ക്കായി പുറത്തുവിടാന്‍ ഇവര്‍ തയാറാണോ. പ്രവാസി മലയാളിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായും, കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കാതെ തുക വകമാറ്റിയതായും വീഡിയോയില്‍ നികേഷ് ആരോപിക്കുന്നു.
വിവരങ്ങള്‍ പുറത്തുവിടാത്ത ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ എട്ടക്ക സംഖ്യയുടെ ഇടപാടുകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ഒരിക്കലും പുറത്ത് വിടില്ല. പുറത്ത് വിട്ടാല്‍ വന്‍ തുക നല്‍കിയെന്ന് പറഞ്ഞ് പലരും സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകളുണ്ട്. അതൊക്കെ അക്കൗണ്ടില്‍ എത്തിയോ എന്നത് പുറത്തറിയുമെന്നും നികേഷ് കുമാര്‍ പറഞ്ഞു.