വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നത്'; കെ ആര്‍ മീരയ്ക്കെതിരെ ഹരിത സാവിത്രി

നോവല്‍ വായിച്ച് കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്റെ നോവലായ സിന്നുമായി ബേസിക് ത്രെഡില്‍ സാമ്യം തോന്നുകയായിരുന്നുവെന്നും ഹരിത പറഞ്ഞു.

 

ഈ സത്യം മറച്ചുവെച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കെ ആര്‍ മീരയുടെ പേര് പരാമര്‍ശിക്കാതെ ഹരിത ചോദിച്ചു.

പുസ്തക കോപ്പിയടി വിവാദത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് മറുപടിയുമായി എഴുത്തുകാരി ഹരിത സാവിത്രി. 2020ല്‍ കെ ആര്‍ മീര 'കലാച്ചി' എന്ന നോവലിന്റെ ആറ് അധ്യായങ്ങള്‍ മാത്രമാണ് ട്രൂ കോപ്പി വെബ്സീനില്‍ പ്രസിദ്ധീകരിച്ചതെന്ന് ഹരിത പറഞ്ഞു. ഈ സത്യം മറച്ചുവെച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കെ ആര്‍ മീരയുടെ പേര് പരാമര്‍ശിക്കാതെ ഹരിത ചോദിച്ചു. നോവല്‍ വായിച്ച് കുറച്ച് മുന്നോട്ട് പോയപ്പോള്‍ തന്റെ നോവലായ സിന്നുമായി ബേസിക് ത്രെഡില്‍ സാമ്യം തോന്നുകയായിരുന്നുവെന്നും ഹരിത പറഞ്ഞു. എഴുത്തുകാരിയുടേയോ നോവലിന്റെയോ പേര് പരാമര്‍ശിക്കാതെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരിത സാവിത്രിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


1 '2020 നവംബര്‍ 16 മുതല്‍ പ്രസിദ്ധീകരിച്ചു വന്ന ഒരു നോവല്‍, 2022 ല്‍ മാത്രം പുറത്തിറങ്ങിയ കഥയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ 2022 ല്‍ പുറത്തിറങ്ങിയ പുസ്തകം 2020ല്‍ പ്രസിദ്ധീകരിച്ച നോവലില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടതാണോ എന്ന് നിങ്ങള്‍ ചിന്തിക്കുക.' ഇത് ഇന്ന് കണ്ട വാചകമാണ്. അതായത് 2022 ല്‍ പുറത്തു വന്ന എന്റെ പുസ്തകം 2020ല്‍ പുറത്ത് വന്ന പുസ്തകത്തിലെ ആശയം ഉപയോഗിച്ചു എന്നര്‍ത്ഥം.
2020ല്‍ പ്രസിദ്ധീകരിച്ചത് ആദ്യത്തെ ആറു അധ്യായങ്ങള്‍ മാത്രമാണ് എന്ന സത്യം മറച്ചു വയ്ക്കുന്നതിലൂടെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നത്?

2 വായന കുറച്ചേ ആയിട്ടുള്ളൂ എന്ന് പുസ്തകം വായിക്കുന്ന ചിത്രവുമായി ഇട്ട പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫിദയുടെ യാത്ര ആരംഭിച്ചപ്പോഴാണ് സാമ്യം അനുഭവപ്പെട്ടു തുടങ്ങിയത് എന്ന് ഞാന്‍ പല തവണ പറഞ്ഞ് കഴിഞ്ഞു. അതായത് വായന കുറച്ചു മുന്നോട്ട് പോയപ്പോള്‍. അതും ബേസിക് ത്രെഡില്‍ മാത്രം.

3 ഈ എഴുത്തുകാരിയെ എന്നെങ്കിലും കണ്ടാല്‍ ഒന്ന് കെട്ടിപ്പിടിക്കണം എന്നും വിരലുകളില്‍ ഉമ്മ വയ്ക്കണം എന്നൊക്കെ പണ്ട് കഥകള്‍ വായിച്ച കാലം മുതല്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പുതിയ നോവല്‍ കയ്യില്‍ കിട്ടിയപ്പോള്‍ ആവേശത്തോടെ ഫോട്ടോ എടുത്ത് ഇട്ടതും അത് കൊണ്ടു തന്നെയാണ്.


പക്ഷെ വായിച്ചപ്പോള്‍ ആവേശം തണുത്തു. എന്താണ് അനുഭവപ്പെട്ടത് എന്ന് എഴുത്തുകാരിയുടെ ഭര്‍ത്താവിനോട് ജനുവരി എട്ടാം തീയതി ഒരു മറയും ഇല്ലാതെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മറന്നു കാണാന്‍ സാധ്യതയില്ല.

പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ സന്തോഷത്തോടെ ഫോട്ടോ പോസ്റ്റ് ചെയ്ത ഞാന്‍ എന്തുകൊണ്ട് വായിച്ചതിന് ശേഷം ഒരു പോസ്റ്റ് പോലും ഇട്ടില്ല എന്ന് അദ്ദേഹത്തിന് എങ്കിലും എന്റെ ആ പ്രതികരണത്തിലൂടെ മനസ്സിലായിക്കാണും. എന്തായിരുന്നു ആ പ്രതികരണം എന്ന് ഞാന്‍ ഇവിടെ പറയുന്നില്ല. അത് കേട്ടതിന് ശേഷം ഒന്നുകൂടി ആ നോവല്‍ വായിച്ചു നോക്കണം എന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്. വായിക്കാം എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു.

ശ്രീമതി മീരയുടെ നമ്പര്‍ എന്റെ കയ്യിലില്ല. ഞാന്‍ സംസാരിച്ചിരുന്നത് അവരുടെ ഭര്‍ത്താവിനോടാണ്. വീണ്ടും വായിച്ചു നോക്കാന്‍ അദ്ദേഹം പറഞ്ഞപ്പോള്‍ വായിക്കാം എന്ന് ഞാന്‍ മറുപടി പറഞ്ഞത് ഒരു ഫോണ്‍ സംഭാഷണത്തിലായിരുന്നു എന്നാണ് ഓര്‍ക്കുന്നത്. കയ്യിലുള്ള വോയ്സ് മെസ്സേജുകള്‍ പരതിയപ്പോള്‍ വീണ്ടും വായിക്കാം എന്ന് ഞാന്‍ പറയുന്ന ഒന്ന് ശ്രദ്ധയില്‍ പെട്ടില്ല.

4 ത്രെഡുകളിലെ സാമ്യം എന്റെ തോന്നലാണ് എന്ന് കരുതി അവഗണിക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ വായനയ്ക്കു ശേഷം 'ക' ഫെസ്റ്റിവലില്‍ കണ്ടപ്പോള്‍ വളരെ സൗഹൃദത്തോടെ പെരുമാറുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് ചിന്തിക്കാതിരിക്കാനായിരുന്നു ശ്രമം. പക്ഷെ പിന്നീട് നിരവധി വായനക്കാര്‍ അവര്‍ക്ക് ഈ പുസ്തകങ്ങള്‍ തമ്മില്‍ അനുഭവപ്പെട്ട സാമ്യങ്ങളെ പറ്റി എന്നോട് നിരന്തരം സംസാരിക്കാന്‍ തുടങ്ങി. മനസ്സില്‍ അനുഭവപ്പെട്ട അസ്വസ്ഥത വളര്‍ന്നു വരികയായിരുന്നു.

ആരുടേയും പേരോ പുസ്തകങ്ങളുടെ പേരോ പറയാതെ സാഹിത്യ മോഷണങ്ങളുടെ പൊതു സ്വഭാവങ്ങളെ കുറിച്ചു പറഞ്ഞ് കൊണ്ടുള്ള ഒരു ഫേസ്ബുക് പോസ്റ്റ് ഇടുന്നതിലൂടെ എനിക്ക് അനുഭവപ്പെട്ട വേദനയില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു ലക്ഷ്യം. എന്നെ സംബന്ധിച്ച് അത് അവസാനിച്ചിരുന്നു.
ആ പോസ്റ്റിനു താഴെ വായനക്കാര്‍ ഈ നോവലുകള്‍ തമ്മിലുള്ള സാമ്യത്തെ കുറിച്ച് സംസാരിച്ചിട്ട് പോലും ഞാന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

5 കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബിജി ഡാനിയല്‍ എന്ന പ്രൊഫൈല്‍ രണ്ടു പുസ്തകങ്ങളുടെയും ത്രെഡില്‍ ഉള്ള സാമ്യങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്റെ ശ്രദ്ധയില്‍ പെട്ടു എങ്കിലും ചില സുഹൃത്തുക്കളോട് സംസാരിക്കുന്നതിനപ്പുറം അതു ഷെയര്‍ ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക് ചെയ്യാനോ ഞാന്‍ ശ്രമിച്ചില്ല. വായനക്കാരന്റെ സ്വാതന്ത്ര്യം. അതില്‍ ഞാനെന്ത് പറയാനാണ്?

6 ബിജി ഡാനിയലിന്റെ പോസ്റ്റിനു ശേഷം രാധിക സി നായര്‍ എന്ന പ്രൊഫൈല്‍ വിഷയം ഏറ്റെടുത്തപ്പോഴാണ് കാര്യങ്ങള്‍ വഷളായത്. അവരുടെ ആദ്യത്തെ പോസ്റ്റിലെ പുല്‍ക്കൊടി നക്ഷത്ര താരതമ്യത്തിന് ശേഷം രണ്ടാമത്തെ പോസ്റ്റില്‍ കലാച്ചി 2020 നവംബറില്‍ ട്രൂ കോപ്പിയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ്, സിന്‍ ഇറങ്ങിയത് 2022 ല്‍ ആണ് എന്ന് രാധിക സി നായര്‍ വാദിച്ചു. ശ്രദ്ധിക്കേണ്ടത് ആ പോസ്റ്റിലും ട്രൂ കോപ്പിയില്‍ ആദ്യത്തെ ആറു അധ്യായങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിട്ടില്ല എന്നതാണ്.

അതോടെ 2020ല്‍ ഇറങ്ങിയ നോവല്‍ ഞാന്‍ മോഷ്ടിച്ചു 2022 ല്‍ സിന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു എന്ന മട്ടില്‍ ആക്രമണം തുടങ്ങി. എനിക്ക് കാര്യങ്ങള്‍ വ്യക്തമാക്കേണ്ട അവസ്ഥ ഉണ്ടായി. അങ്ങനെ വിശദീകരണവുമായി ഒരു പോസ്റ്റ് കൂടി ഇടേണ്ടി വന്നു. അതിലും പുസ്തകങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായി സാമ്യമുണ്ട്. അത് ഒഴിവാക്കാമായിരുന്നു എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്ന് വ്യക്തമാക്കിയിരുന്നു.


2022ല്‍ ഒരെഴുത്തുകാരി പ്രസിദ്ധീകരിക്കുന്ന അവരുടെ ആദ്യ പുസ്തകത്തില്‍ നിന്ന് പ്രചോദനം കൊള്ളേണ്ട കാര്യം ഇല്ല എന്ന് പോസ്റ്റില്‍ കണ്ടു. നക്ഷത്ര പുല്‍ക്കൊടി താരതമ്യത്തിന്റെ മറ്റൊരു വേര്‍ഷന്‍. എഴുത്തുകാര്‍ സമാനമായി ചിന്തിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ, സിന്‍ ഇറങ്ങിയപ്പോള്‍ തന്നെ അവരത് വായിച്ചു എന്ന് എനിക്കറിയാം. അതില്‍ എന്താണ് ഉള്ളത് എന്ന് അറിയാവുന്ന സ്ഥിതിയ്ക്ക് കടന്നു കൂടിയ അടിസ്ഥാനപരമായ സാമ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു, അതിലൂടെ ഇത്തരം വിവാദങ്ങളും എന്നാണ് എന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

അധികമാരും ശ്രദ്ധിക്കാതിരുന്ന ബിജി ഡാനിയല്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന പോസ്റ്റ് ഞാന്‍ ഏറ്റെടുക്കാതിരുന്നിടത്തോളം ചില ഫേസ്ബുക് ചര്‍ച്ചകള്‍ക്കപ്പുറം ആ വിഷയം മുന്നോട്ട് പോവില്ലായിരുന്നു. അത് കുത്തിപ്പൊക്കി, അതിനെക്കുറിച്ച് വീണ്ടും വീണ്ടും പോസ്റ്റുകള്‍ ഇട്ട്, എന്നെ ഇകഴ്ത്തി, എന്നെക്കൊണ്ട് മറുപടി പറയിച്ച രാധികാ സി നായരാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ നാടകത്തിന്റെ സംവിധായിക. അവരെയും സിനിനെ രാഹുല്‍ മാങ്കൂട്ടത്തിനോട് പോലും ഉപമിച്ച് നാട് നീളെ ആക്ഷേപിച്ചു നടക്കുന്ന അവരുടെ ഭര്‍ത്താവ് നിരൂപകനെയും അഭിനന്ദിക്കുക.