താനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു : വെൽഫെയർ പാർട്ടി

താനൂർ ബോട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം തട്ടിപ്പാണെന്നും സർക്കാർ ഇരകളെ വഞ്ചിച്ചുവെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു.

 

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം തട്ടിപ്പാണെന്നും സർക്കാർ ഇരകളെ വഞ്ചിച്ചുവെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ആരോപിച്ചു. ഗുരുതര പരിക്കേറ്റ ഇരകൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന നിലപാടാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷൻ മുമ്പാകെ വ്യാഴാഴ്ച സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കുമെന്ന് ദുരന്ത സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം നിയമ സഭയിൽ ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിക്ക് തുറമുഖ വകുപ്പ് മന്ത്രി കൊടുത്ത മറുപടിയിൽ ചികിൽസാ ചിലവിൻ്റെ കാര്യത്തിൽ കമ്മീഷന് തീരുമാനമെടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ശരീരം തളർന്ന മുന്ന് കുട്ടികളുടെ ചികിൽസാ ചിലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വെൽഫെയർ പാർട്ടിയും കലക്ടർ, മുഖ്യമന്ത്രി, ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷൻ എന്നിവർക്ക്  അപേക്ഷ നൽകിയിരുന്നു.
വ്യാഴാഴ്ച തിരൂർ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിൽ നടന്ന ജസ്റ്റിസ് വി.കെ.മോഹനൻ കമ്മീഷൻ്റെ എട്ടാമത് ഹിയറിംഗിൽ നഷ്ടപരിഹാരം
അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന വാദമാണ് സർക്കാർ വക്കീൽ ഉന്നയിച്ചത്. ഇതേതുടർന്ന് കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസിൽ നഷ്ട പരിഹാരം ഉൾപ്പെടുത്താത്തത് കൊണ്ട് തീരുമാനമെടുക്കാൻ കമ്മീഷന് കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് അപേക്ഷ ജസ്റ്റീസ് വി.കെ.മോഹനൻ തള്ളുകയായിരുന്നു.
ചികിത്സ ചെലവ് അനുവദിക്കുമെന്ന് പറഞ്ഞ് മോഹിപ്പിച്ച ശേഷം ഇരകളെ വഞ്ചിച്ച സംസ്ഥാന സർക്കാർ നടപടി നീതീകരിക്കാനവില്ലെന്നും വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് സഫീർഷാ, ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ട്രഷറർ നസീറ ബാനു തുടങ്ങിയവർ സംസാരിച്ചു.