തിരഞ്ഞെടുപ്പ് ഫലം: വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാമൂഹിക നീതിയുടെ വിധിയെഴുത്താണ് നടന്നത് : വെൽഫെയർ പാർട്ടി
വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാമൂഹിക നീതി ആഗ്രഹിക്കുന്ന കേരളീയ സമൂഹമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ജനവിധി എഴുതിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. "ജനവിധി കേരളത്തോട് പറയുന്നത്" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച
തിരുവനന്തപുരം : വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാമൂഹിക നീതി ആഗ്രഹിക്കുന്ന കേരളീയ സമൂഹമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ജനവിധി എഴുതിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. "ജനവിധി കേരളത്തോട് പറയുന്നത്" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ സാഹോദര്യ ചരിത്രത്തെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിന് ഇടതുപക്ഷം വഴിയൊരുക്കിയത് കേരളീയ ജനത തിരിച്ചറിഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരത്തുടർച്ച നേടാമെന്ന ഇടതുപക്ഷത്തിന്റെ ഗൂഢാലോചനയ്ക്ക് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കേരളീയ സമൂഹം നൽകിയത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിദ്വേഷ പ്രസംഗങ്ങളും ആഭ്യന്തരവകുപ്പിലെ സംഘപരിവാറിന്റെ കടന്നുകയറ്റവും കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ ഗുരുതരമായി പരിക്കേൽപ്പിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് ലഭ്യത പാർട്ടിയുടെ കേവല വിജയമായി വിലയിരുത്താൻ കഴിയില്ല. കേരളത്തിൽ ബിജെപിക്ക് രാഷ്ട്രീയമായ അധികാരം നേടിയെടുക്കുന്നതിന് കഴിഞ്ഞ 10 വർഷമായി സിപിഎം നടത്തിയ വ്യത്യസ്ത തരത്തിലുള്ള സഹായസഹകരണങ്ങളുടെ ഫലം കൂടിയാണ് ബിജെപിയുടെ വളർച്ച. ഇതിനെതിരെ കേരളീയ സമൂഹം ഗൗരവത്തോടെ കാണുകയും വംശീയ ഉന്മൂലന പദ്ധതി ലക്ഷ്യം വെക്കുന്ന ബിജെപിയെ കേരളത്തിൽനിന്ന് പുറത്താക്കുന്നതിന് ഒറ്റക്കെട്ടായി കേരളീയ സമൂഹം നിലകൊള്ളുകയും വേണം.
തെരഞ്ഞെടുപ്പിന് മുൻപ് നടന്ന പ്രചരണ സന്ദർഭത്തിൽ സിപിഎം കേരളീയ സമൂഹത്തെക്കുറിച്ച് നടത്തിയ വിശകലനം തന്നെയാണ് തെരഞ്ഞെടുപ്പിനു ശേഷവും ആവർത്തിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർത്ത് വിവിധ സമുദായങ്ങളെ ഭീകരവൽക്കരിക്കാൻ ഉള്ള ശ്രമം തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷവും ഇടതുപക്ഷം തുടരുകയാണ്. കഴിഞ്ഞദിവസം സിപിഎം നേതാവ് കെ കെ രാജേഷ് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം സത്യസന്ധമായി വിലയിരുത്തുന്നതിന് പകരം വിവിധ സമുദായങ്ങളുടെ മേൽ കുറ്റാരോപണം നടത്താൻ സിപിഎം ശ്രമിക്കുകയാണ്. ഇത് സംഘപരിവാറിൻ്റെ അധികാര രാഷ്ട്രീയത്തിന് വഴിയൊരുക്കുന്ന പ്രവർത്തനമാണ്.
കേരളത്തിൽ സാഹോദര്യവും സാമൂഹ്യനീതിയും ആഗ്രഹിക്കുന്ന വലിയൊരു സമൂഹം പ്രതീക്ഷയോടുകൂടിയാണ് പുതിയ സർക്കാരിനെ നോക്കി കാണുന്നത്. അവകാശ പോരാട്ടങ്ങളെ ഗൗരവത്തോടെ പരിഗണിക്കുകയും സാമൂഹ്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന ഭരണകൂടമായി വിഡി സതീശന്റെ മന്ത്രിസഭയ്ക്ക് കഴിയുമെന്ന് വെൽഫെയർ പാർട്ടി പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് അഷ്റഫ് കല്ലറ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ ആദിൽ, സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.