മസ്ജിദുകളും മദ്റസയും പൊളിച്ചുനീക്കുന്ന സംഘ്പരിവാറിൻ്റെ മുസ്‌ലിം വംശഹത്യയെ രാജ്യം നിസ്സംഗമായി നോക്കി നിൽക്കരുത്: വെൽഫെയർ പാർട്ടി

രാജ്യത്ത് വ്യാപകമായി മസ്ജിദുകളും മദ്രസയും പൊളിച്ചു നീക്കി മുസ്‌ലിം വംശഹത്യക്ക് വേഗത കൂട്ടാൻ ശ്രമിക്കുന്ന ആർഎസ്എസിൻ്റെ ഉന്മൂലന പദ്ധതിയെ രാജ്യം നിസ്സംഗമായി നോക്കി നിൽക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.

 

തിരുവനന്തപുരം: രാജ്യത്ത് വ്യാപകമായി മസ്ജിദുകളും മദ്രസയും പൊളിച്ചു നീക്കി മുസ്‌ലിം വംശഹത്യക്ക് വേഗത കൂട്ടാൻ ശ്രമിക്കുന്ന ആർഎസ്എസിൻ്റെ ഉന്മൂലന പദ്ധതിയെ രാജ്യം നിസ്സംഗമായി നോക്കി നിൽക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി.

കഴിഞ്ഞദിവസം രാജസ്ഥാനിലെ ബാർമർ ജില്ലയിൽ മാത്രം മുന്നൂറിൽ പരം മസ്ജിദുകളും മദ്രസകളുമാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. സ്ഥാപന അധികൃതർക്ക് കേവല മണിക്കൂറുകളുടെ മാത്രം സമയം അനുവദിച്ചുകൊണ്ട് വിശദീകരണം നൽകാനാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. ഒരു നിലയ്ക്കും പ്രായോഗികമല്ലാത്ത സമീപനങ്ങൾ സ്വീകരിച്ച് മുസ്‌ലിം സ്ഥാപനങ്ങളെയും നേതൃത്വത്തെയും ഇല്ലായ്മ ചെയ്യാനാണ് ഇതിലൂടെ ഭരണകൂടം ശ്രമിക്കുന്നത്. ജയ്‌പൂരിൽ 1981 മുതൽ നിലവിലുള്ളതും വഖഫ് പോർട്ടലിൽ രേഖപ്പെടുത്തിയതുമായ നൂറാനി മസ്ജിദ് യാതൊരു മുൻകൂർ നോട്ടീസ് അറിയിപ്പോ നൽകാതെയാണ് അധികൃതർ ഇടിച്ചുനിരത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 15 ദിവസത്തിനകം മാത്രം ഇരുപതിൽപരം മസ്ജിദുകളാണ് ബുൾഡോസർ രാജിന് വിധേയമാക്കിയത്.

ഹിന്ദുത്വ ഭരണകൂടത്തിൻ്റെ ഇത്തരം ഉന്മൂലന പ്രവർത്തനങ്ങൾക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാനും ശക്തമായ പ്രതിഷേധമുയർത്താനും രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സന്നദ്ധമാവണം. മുസ്‌ലിം സമൂഹത്തിൻ്റെ ആരാധനാലയങ്ങൾ ഇല്ലാതാക്കുക, മുസ്‌ലിം ചിഹ്നങ്ങളും സംസ്കാരവും പൂർണമായി നശിപ്പിക്കുക തുടങ്ങിയ വംശഹത്യ പദ്ധതിയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. സംഘപരിവാറിന്റെ ഉന്മൂലന ശ്രമത്തിനെതിരെ രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം നിലനിർത്താനും സാഹോദര്യ രാഷ്ട്രീയം വികസിപ്പിക്കാനും ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.