'വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല'; പിഎം ശ്രീയില്‍ കെ സി വേണുഗോപാല്‍

വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട വിഷയമാണ് പഠിക്കേണ്ടത്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട വിഷയമാണ് പഠിക്കേണ്ടത്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭവും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാജന്റെ പ്രതികരണത്തിനും അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കെ രാജന് എന്ത് ധാര്‍മ്മികതയാണ് ഉള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. മന്ത്രിസഭയില്‍ അദ്ദേഹം അംഗമായിരിക്കേ, അദ്ദേഹം പോലും അറിയാതെ ഒപ്പിട്ട് വന്ന പദ്ധതിയാണത്. ആ സാഹചര്യത്തില്‍ അനങ്ങാതിരുന്ന കെ രാജന്റെ വീര്യം എവിടെപ്പോയെന്നും അപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകണ്ടായിരുന്നോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. അപ്പോഴാണ് ആര്‍ജവം കാട്ടേണ്ടത്. തങ്ങളറിയാതെ ഒപ്പിട്ടുവെന്ന് തുറന്നടിച്ച് മന്ത്രിസഭയുടെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് അന്ന് പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിയേനെ. എന്നാല്‍ ഒത്തുകളിയാണ് അന്ന് നടന്നത്. പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തി എന്ന് വരുത്തിതീര്‍ത്ത് ഒപ്പിടാന്‍ അനുവദിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.