'ബിജെപിയെ തകര്‍ക്കാന്‍ ഞങ്ങളെയുളളൂ എന്ന അഹന്ത മാറ്റണം'; ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് കോണ്‍ഗ്രസെന്ന് എംവി ഗോവിന്ദന്‍

മത സൗഹാര്‍ദ്ദവും ജനകീയ ഐക്യവും എങ്ങനെ തകര്‍ക്കാമെന്നതിന്റെ ഗവേഷണമാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്.
 

ബിജെപിയെ തകര്‍ക്കാന്‍ ഞങ്ങളെയുളളൂ എന്ന അഹന്ത കോണ്‍ഗ്രസ് മാറ്റണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ ചിന്തയുമായി പോയാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.

വികസനത്തിന് നല്ല വോട്ടുളള നാടാണ് കേരളമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. 

അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നു. മത സൗഹാര്‍ദ്ദവും ജനകീയ ഐക്യവും എങ്ങനെ തകര്‍ക്കാമെന്നതിന്റെ ഗവേഷണമാണ് ഫാസിസ്റ്റുകള്‍ നടത്തുന്നത്. കേരളം ഒരു അഗ്‌നിപര്‍വ്വതത്തിന് മുകളിലാണ് ഉള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എ ഐ ക്യാമറ സംസ്ഥാന സര്‍ക്കാരിന്റെ സൃഷ്ടിയല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എ ഐ ക്യാമറയില്‍ നടക്കുന്ന വിമര്‍ശനങ്ങളെല്ലാം അസംബന്ധമാണ്. സംസ്ഥാനത്തെ മാധ്യമ ശൃംഖലയാകെ സിപിഐഎമ്മിന് എതിരാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.