'ചില പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു, എന്നാല്‍ തലവിധി മോശമാണ്'; മറിയ ഉമ്മനെ പരിഗണിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

തിരുവല്ല, കാഞ്ഞിരപ്പിള്ളി മണ്ഡലങ്ങളിലാണ് മറിയ ഉമ്മനെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നത്.

 

കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു അടൂര്‍ പ്രകാശിന്റെ തുറന്നുപറച്ചില്‍.

 ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അടൂര്‍ പ്രകാശ് എംപി. എന്നാല്‍ തലവിധി മോശമായതിനാല്‍ നടന്നില്ല എന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മറിയ ഉമ്മന്‍ വേദിയിലിരിക്കെയായിരുന്നു അടൂര്‍ പ്രകാശിന്റെ പരാമര്‍ശം.

കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു അടൂര്‍ പ്രകാശിന്റെ തുറന്നുപറച്ചില്‍. അടൂര്‍ പ്രകാശ് പ്രസംഗിക്കുമ്പോഴായിരുന്നു മറിയ ഉമ്മന്‍ വേദിയിലേക്ക് കടന്നുവന്നത്. ആ സമയത്താണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവിച്ചത്. തങ്ങള്‍ ചില കാര്യങ്ങളെല്ലാം ആലോചിച്ചതാണ് എന്നും പക്ഷെ തലവിധി മോശമായതിനാല്‍ നടന്നില്ല എന്നുമായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. മറിയ ഇത് കേട്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

തിരുവല്ല, കാഞ്ഞിരപ്പിള്ളി മണ്ഡലങ്ങളിലാണ് മറിയ ഉമ്മനെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ചാണ്ടി ഉമ്മന്‍ രംഗത്തുവന്നിരുന്നു. കുടുംബത്തില്‍ നിന്ന് ഒരാള്‍ രാഷ്ട്രീയത്തില്‍ മതി എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹമെന്നും മറിയ സ്ഥാനാര്‍ത്ഥിയായാല്‍ താന്‍ രാജിവെക്കും എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. മറിയക്ക് മത്സരിക്കണമെങ്കില്‍ വേണമെങ്കില്‍ താന്‍ പുതുപ്പള്ളി ഒഴിഞ്ഞുതരാമെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെയും ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു.