വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നു ; ദുരന്തബാധിതര്‍ക്കായുള്ള 178 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന്
ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിലേക്കാണ് മുഖ്യമന്ത്രി എല്ലാവരെയും ക്ഷണിച്ചത്.
കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടര്‍ ഭൂമിയില്‍ 410 വീടുകളാണ് നിര്‍മിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക.
മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്നു. വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന് നടക്കും. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും ഇന്ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ മുഖ്യമന്ത്രി ഹൃദയപൂര്‍വ്വം ക്ഷണിച്ചു. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണം ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാവുന്ന ആവേശകരമായ മുഹൂര്‍ത്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിലേക്കാണ് മുഖ്യമന്ത്രി എല്ലാവരെയും ക്ഷണിച്ചത്.
ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുന്നത്. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11 ന് സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടര്‍ ഭൂമിയില്‍ 410 വീടുകളാണ് നിര്‍മിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക.