വയനാട് സുൽത്താൻ ബത്തേരിയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാനിറങ്ങിയ ആൾ മരിച്ച നിലയിൽ
വയനാട് : സുൽത്താൻ ബത്തേരി വടക്കനാട് സ്വദേശി രജീവിനെയാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ രജീവിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രജീവ് വീണുകിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായും, ആനയുടെ ആക്രമണമാകാം മരണകാരണമെന്നും നാട്ടുകാർ സംശയിക്കുന്നു.
പ്രാഥമിക പരിശോധനയിൽ രജീവിന്റെ ശരീരത്തിൽ കാര്യമായ പരിക്കുകളോ ചതവുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ കാട്ടാനയുടെ നേരിട്ടുള്ള ആക്രമണമാണോ അതോ ഓടുന്നതിനിടയിൽ സംഭവിച്ച മറ്റെന്തെങ്കിലും അപകടമാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.