വയനാട് പുനരധിവാസം ഒന്നാംഘട്ടം ഫെബ്രുവരിയിൽ
വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിൻറ ഭാഗമായി ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.കൽപ്പറ്റ ബൈപാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടൗൺഷിപ്പ്.
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ 35 ക്ലസ്റ്ററുകളിലായാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോൺക്രീറ്റ് ഭിത്തി, ടൈൽ പാകൽ, പെയിൻറിങ് തുടങ്ങിയവ പുരോഗമിക്കുന്നു. 3.9 കി.മീ. നീളത്തിൽ റോഡിൻറെ പ്രാരംഭപണി പൂർത്തിയായി. കുടിവെള്ള ടാങ്കിൻറെ റാഫ്റ്റ് വാർക്കൽ കഴിഞ്ഞു. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നൽകുന്നത്.
20 വർഷത്തോളം വാറൻറിയുള്ള, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിർമാണത്തിനുപയോഗിക്കുന്നത്. മുഴുവൻ നിർമാണങ്ങൾക്കും അഞ്ച് വർഷത്തേക്ക് കേടുപാടുകളിൽനിന്നും കരാറുകാർ സംരക്ഷണം നൽകും. ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന തത്വം ഉൾക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതൽ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ലൈഫ് പദ്ധതി വഴി 4,76,076 വീടുകൾ പണി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. ഫെബ്രുവരിയിൽ ഇത് അഞ്ചു ലക്ഷം പൂർത്തിയാക്കും. 1,24,471 വീടുകളാണ് നിർമാണത്തിൻറെ വിവിധ ഘട്ടങ്ങളിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.