വയനാട്  ഉരുൾപൊട്ടൽ : രക്ഷാപ്രവർത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യർഥിക്കുമെന്ന് രാഹുൽ ഗാന്ധി എം.പി

 

ന്യൂഡൽഹി : വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്രമന്ത്രിമാരോട് സഹായം അഭ്യർഥിക്കുമെന്ന് രാഹുൽ ഗാന്ധി എം.പി. മേഖലയി​ലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ ഉടൻ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം, സുരക്ഷാ ഏജൻസികളെ ഏകോപിപ്പിക്കാനും കൺട്രോൾ റൂം സ്ഥാപിക്കാനും കലടക്ടറുമായി സംസാരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഏത് സഹായത്തിനും ബന്ധപ്പെടാനും അദ്ദേഹം നിർദേശിച്ചു.

രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ എല്ലാ യു.ഡി.എഫ് പ്രവർത്തകരോടും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.