എ.ഐ ഉപയോഗിച്ച് വയനാട്ടിലെ വ്യജ സിപ് ലൈൻ അപകടം : ‘അസ്കർ അലി റിയാക്ഷൻ’ ഇൻസ്റ്റഗ്രാം ഐ.ഡിക്കെതിരെ കേസ്
വയനാട്ടിലെ സിപ് ലൈൻ അപകടം എന്ന പേരിൽ എ.ഐ ഉപയോഗിച്ച് വ്യാജദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പൊലീസ് കേസെടുത്തു.നവമാധ്യമ അക്കൗണ്ടുകൾ
കൽപറ്റ: വയനാട്ടിലെ സിപ് ലൈൻ അപകടം എന്ന പേരിൽ എ.ഐ ഉപയോഗിച്ച് വ്യാജദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ വയനാട് സൈബർ പൊലീസ് കേസെടുത്തു.നവമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ച ശേഷമാണ് നടപടി. കുഞ്ഞുമായി ഒരു യുവതി സിപ് ലൈനിൽ പോകാൻ തയാറെടുക്കുന്നതിനിടെ ലൈൻ പൊട്ടുന്നതും ഇവർക്കൊപ്പം ഉണ്ടായിരുന്ന ജീവനക്കാരനും താഴേക്ക് വീഴുന്ന തരത്തിലായിരുന്നു വിഡിയോ. എന്നാൽ, ഈ ദൃശ്യങ്ങൾ എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
‘അസ്കർ അലി റിയാക്ഷൻ’ എന്ന ഇൻസ്റ്റഗ്രാം ഐ.ഡിക്കെതിരെയാണ് കേസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് ശേഖരിക്കുമെന്നും തുടർനടപടിയുണ്ടാകുമെന്നും വയനാട് സൈബർ പൊലീസ് അറിയിച്ചു.
വ്യാജ വിഡിയോയിൽ ‘wildeye’ എന്ന വാട്ടർമാർക്ക് ഉണ്ടായിരുന്നു. ഇത് പിന്തുടർന്ന് ‘wildeye543’ എന്ന പേരിൽ ഒരു കണ്ടന്റ് ക്രിയേറ്ററുടെ അക്കൗണ്ട് പൊലീസ് കണ്ടെത്തി. എന്നാൽ, നിലവിൽ വൈറലായ വിഡിയോ ഈ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമില്ല. തുടർന്നാണ് വ്യാജനിർമിതിയാണെന്ന് തെളിഞ്ഞത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെവിടെയും ഇത്തരത്തിൽ ഒരു അപകടവും നടന്നിട്ടില്ലെന്ന് വയനാട് ടൂറിസം വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.