വയനാട്ടിലെ വെള്ളച്ചാട്ടം മാസങ്ങളായി അടഞ്ഞുകിടക്കുന്നു; നിരാശയിൽ സഞ്ചാരികൾ
ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയവിനോദ സഞ്ചാര കേന്ദ്രമായി മാറിയ മീന്മുട്ടി അടഞ്ഞിട്ട് മാസങ്ങള്‍ ഏറെ . ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലങ്ങുവീണതോടെയാണ് മീന്മുട്ടിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്.
വയനാട് :ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയവിനോദ സഞ്ചാര കേന്ദ്രമായി മാറിയ മീന്മുട്ടി അടഞ്ഞിട്ട് മാസങ്ങള്‍ ഏറെ . ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലങ്ങുവീണതോടെയാണ് മീന്മുട്ടിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. വനംവകുപ്പിലെ താത്കാലികജീവനക്കാരായിട്ടുള്ള അന്‍പതോളം പേര്‍ക്കും ഇതോടെ ജീവിതവഴിയടഞ്ഞു. എന്നു തുറക്കുമെന്ന ചോദ്യവുമായി ഇവരും കാത്തിരിക്കുകയാണ്.
ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്ന് വിളിപ്പാടകലെമാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. കാപ്പിക്കളത്തുനിന്നും ഒരു കയറ്റം കയറിയാല്‍ കാഴ്ചയുടെ വാതില്‍ തുറക്കുകയായി. തനിമമാറാത്ത പച്ചപ്പിനുള്ളില്‍ സ്വഭാവികമായ കാഴ്ചകള്‍മാത്രമാണ് ഇവിടെയുള്ളത്. ഏതുമഴയത്തും ഇത്തിരി മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം. വെള്ളച്ചാട്ടത്തിനു തൊട്ടരികില്‍വരെ എത്താന്‍പാകത്തിലാണ് ഇവിടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
കര്‍ണാടകയിലെയും മറ്റുസംസ്ഥാനങ്ങളിലെയും ഉഷ്ണഭൂമിയില്‍നിന്നുമെത്തുന്നവര്‍ക്ക് ഈ വിനോദകേന്ദ്രം നല്‍കിയത് കുളിരുള്ള യാത്രാനുഭവമാണ്. വേനല്‍ക്കാലത്ത് കീഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറിവേണം ഇവിടെയെത്താന്‍. ഇതിനായി റോപ്പ് ഒരുക്കിയിട്ടുണ്ട്. വനംവകുപ്പാണ് ഇവിടെ വനസംരക്ഷണസമിതിയുടെ സഹകരണത്തോടെ ടൂറിസം നടപ്പാക്കിയിരുന്നത്. ഇതിനകം ആയിരക്കണക്കിന് സഞ്ചാരികള്‍ ഈ കേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.