വാട്ടർ ടാങ്ക് കഴുകാൻ വിളിച്ചു, അരമണിക്കൂറോളം ചുറ്റിസഞ്ചാരം ,ഒടുവിൽ എത്തിച്ചത് പോലീസിനു മുന്നിൽ; സൈക്കിൾ കള്ളനെ തന്ത്രപരമായി കുടുക്കിയ യുവാവിന്റെ ടെക്നിക്ക്

വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനുണ്ട്... വരാമോയെന്ന പി.സി. ശ്രീജിത്ത് കുമാർ ചോദിച്ചപ്പോൾ അയാൾക്ക് മറ്റൊന്നും തോന്നിയില്ല. ഉടൻ ശ്രീജിത്തിന്റെ ബൈക്കിന് പിറകിൽ കയറി. അരമണിക്കൂറോളം ചുറ്റിസഞ്ചരിക്കുമ്പോഴും താൻ ഇന്നലെ മോഷ്ടിച്ച സൈക്കിളിന്റെ ഉടമയാണ് ബൈക്കോടിക്കുന്നതെന്നും അയാൾ ചിന്തിച്ചതേയില്ല.

 

കരിവെള്ളൂർ: വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനുണ്ട്... വരാമോയെന്ന പി.സി. ശ്രീജിത്ത് കുമാർ ചോദിച്ചപ്പോൾ അയാൾക്ക് മറ്റൊന്നും തോന്നിയില്ല. ഉടൻ ശ്രീജിത്തിന്റെ ബൈക്കിന് പിറകിൽ കയറി. അരമണിക്കൂറോളം ചുറ്റിസഞ്ചരിക്കുമ്പോഴും താൻ ഇന്നലെ മോഷ്ടിച്ച സൈക്കിളിന്റെ ഉടമയാണ് ബൈക്കോടിക്കുന്നതെന്നും അയാൾ ചിന്തിച്ചതേയില്ല. അവസാനം പോലീസ് ജീപ്പിന്‌ മുന്നിൽ ബൈക്ക് നിന്നപ്പോഴാണ് കാര്യംപിടി കിട്ടിയത്. ഇതോടെ  ചുരുളഴിഞ്ഞത് ഓണക്കുന്നിൽ കുറെനാളായി നടക്കുന്ന സൈക്കിൾമോഷണത്തിന്റെ ക​ഥ.

രണ്ടുമാസത്തിനുള്ളിൽ അഞ്ച് സൈക്കിളാണ് ഓണക്കുന്നിൽനിന്ന് മോഷണം പോയത്. കഴിഞ്ഞദിവസം ഓണക്കുന്നിലെ ഫോട്ടോഗ്രാഫറായ ശ്രീജിത്ത് കുമാറിന്റെ മകൾ നിഖിതാ ശ്രീജിത്തിന്റെ സൈക്കിൾ മോഷ്ടിക്കുമ്പോൾ മോഷ്ടാവിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു. സൈക്കിളുമായി വന്ന് അത് അവിടെ വെച്ചശേഷം നിഖിതയുടെ സൈക്കിളുമായി കടന്നു. പിന്നീട് തിരിച്ചെത്തി ആദ്യം വന്ന സൈക്കിളും കൊണ്ടുപോകുന്നതും ദൃശ്യത്തിലുണ്ട്. പോലീസിൽ പരാതി നൽകി ആളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വ്യാഴാഴ്ച ശ്രീജിത്ത് കാങ്കോലിലേക്ക് പോകുമ്പോൾ വഴിയരികിൽ പ്രതി നിൽക്കുന്നത് കണ്ടു. പോലീസിനെ വിളിച്ചപ്പോൾ കാൽമണിക്കൂർ എങ്ങനെയെങ്കിലും പിടിച്ചുനിർത്താൻ പറഞ്ഞു. അടുത്തെങ്ങും ആരെയും കാണാതായതോടെയാണ് ശ്രീജിത്ത് വാട്ടർടാങ്ക് കഥ പുറത്തെടുത്തത്. മോഷ്ടാവിനെയുംകൊണ്ട് കാങ്കോലിൽ പോയി തിരിച്ച് ഓണക്കുന്നിലെത്തിയപ്പോഴേക്കും പോലീസുമെത്തി. ചോദ്യം ചെയ്യലിൽ സൈക്കിൾ വില്പന നടത്തിയ സ്ഥലം കാണിച്ചുകൊടുത്തു.

ഒരാഴ്ച മുമ്പ് കാണാതായ തെക്കെ മണക്കാട്ടെ അനന്തകൃഷ്ണന്റെ സൈക്കിളും അവിടെനിന്ന് കണ്ടെത്തി. മദ്യപിക്കാനാണ് സൈക്കിളുകൾ മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.