ചേരാനല്ലൂര്‍ അപകടം ഉണ്ടാക്കിയ വാഹനത്തിലെ ഔദ്യോഗിക ബോര്‍ഡ് നീക്കിയത് ജഡ്ജിയുടെ സാന്നിധ്യത്തിലോ? വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

നിലവില്‍ കേസിന് ആസ്പദമായ തെളിവുകള്‍ ശേഖരിച്ച് അതില്‍ കൃത്യമായ പരിശോധന നടത്തുകയാണ് ക്രൈംബ്രാഞ്ച്.

 

കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ അന്വേഷണ സംഘം ഇതിനകം രണ്ട് തവണ ചോദ്യം ചെയ്തിട്ടുണ്ട്.

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തില്‍, അപകടസ്ഥലത്തെ അഡീഷണല്‍ ജഡ്ജിയുടെ സാന്നിധ്യത്തെക്കുറിച്ച് വിശദ അന്വേഷണവുമായി ജില്ലാ ക്രൈംബ്രാഞ്ച്. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോര്‍ഡ് നീക്കം ചെയ്തതെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ അന്വേഷണ സംഘം ഇതിനകം രണ്ട് തവണ ചോദ്യം ചെയ്തിട്ടുണ്ട്.

നിലവില്‍ കേസിന് ആസ്പദമായ തെളിവുകള്‍ ശേഖരിച്ച് അതില്‍ കൃത്യമായ പരിശോധന നടത്തുകയാണ് ക്രൈംബ്രാഞ്ച്. കേസില്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശപ്രകാരം കുറ്റമറ്റ രീതിയില്‍ കേസ് ഡയറി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയിലെ വിവരങ്ങള്‍ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. ഈ തെളിവുകളുടെയും ഡാറ്റ പരിശോധനയുടെയും അടിസ്ഥാനത്തില്‍ അഡീഷണല്‍ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്.