വോട്ടിങ് മെഷീൻ പണിമുടക്കി ; കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടക്കം പോളിങ് തടസപ്പെട്ടു
കോഴിക്കോട്, കണ്ണൂർ അടക്കമുള്ള ജില്ലകളിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏഴു മണിക്ക് ആരംഭിച്ചപ്പോഴാണ് വടക്കൻ കേരളത്തിലെ ബൂത്തുകളിൽ മെഷീൻ തകരാറിലായത്.
കോഴിക്കോട്: കോഴിക്കോട്, കണ്ണൂർ അടക്കമുള്ള ജില്ലകളിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏഴു മണിക്ക് ആരംഭിച്ചപ്പോഴാണ് വടക്കൻ കേരളത്തിലെ ബൂത്തുകളിൽ മെഷീൻ തകരാറിലായത്.
കോഴിക്കോട് കൊടുവള്ളി നഗരസഭ 26 ഡിവിഷൻ കടേക്കുന്നിൽ നരൂക്ക് മദ്രസയിലെ ബൂത്തിൽ വോട്ടിങ് മെഷീനും കടലുണ്ടി പഞ്ചായത്ത് ആലുങ്ങൽ വാർഡിലെ സി.എം.എച്ച്.എസ് സ്കൂൾ രണ്ടാം ബൂത്തിൽ കൺട്രോൾ യൂനിറ്റുമാണ് തകരാറിലായത്. 15 വോട്ട് ചെയ്ത ശേഷമാണ് കൺട്രോൾ യൂനിറ്റ് തകരാറിലായത്.
രാമനാട്ടുകര ഗവ. യു.പി സ്കൂൾ പത്താം ബൂത്തിലും ചക്കിട്ടപാറ പഞ്ചായത്തിൽ ചക്കിട്ടപാറ സെൻറ് ആൻറണീസ് എൽ.പി സ്കൂളിൽ 12-ാം വാർഡിലെ ഒന്നാം ബൂത്തിലും മെഷീൻ തകരാറിലായി.
രാമനാട്ടുകര ഗണപത് യു.പി സ്കൂൾ 20 നമ്പർ ബൂത്തിൽ യന്ത്രത്തിൻറെ കേബിൾ തകരാറിലായതോടെ പോളിങ് തടസപ്പെട്ടു. മുക്കം നഗരസഭ താഴക്കോട് ഗവ. എൽ.പി സ്കൂളിലെയും ഫറോക്ക് കല്ലംപാറ വെസ്റ്റ് പെരുമുഖം 21 നമ്പർ ബൂത്തിലും മെഷീൻ തകരാറിലായതോടെ വോട്ടെടുപ്പ് തുടങ്ങാൻ സാധിച്ചില്ല.
കണ്ണൂർ രാമന്തളി മൂന്നാം വാർഡ് രാമന്തളി ജി.എം യു.പി സ്കൂളിൽ വോട്ടിങ് മെഷീൻ പണിമുടക്കി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 604 വാർഡുകളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെയാണ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.