വോട്ടിന് നോട്ട്; ബിജെപിയുടെത് ഗുരുതര ചട്ടലംഘനമെന്ന് കെസി വേണുഗോപാല്‍ എംപി 

'വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്. പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്താണ് ചെയ്യുന്നത്?  ബിജെപിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം.തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി ജെ പി ഇത്തരത്തില്‍ പണം നല്‍കുന്നത് പതിവാണ്.  ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

 

പാലക്കാട് : ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശന നടപടിയെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വൈക്കത്ത്  ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ.

''വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ അതീവ ഗുരുതരമായ ലംഘനമാണ്. പാലക്കാട് ബിജെപി പരസ്യമായി പണം വിതരണം ചെയ്തിട്ടും തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്താണ് ചെയ്യുന്നത്?  ബിജെപിയുടെ പണക്കൊഴുപ്പ് കേരളത്തിലുടനീളം കാണാം.തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി ജെ പി ഇത്തരത്തില്‍ പണം നല്‍കുന്നത് പതിവാണ്.  ആലപ്പുഴയിലും ഈ പ്രവണത തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബി ജെ പിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍ എന്ന് പറയുന്നിടത്ത് ഇതാണ് പതിവായി നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എവിടെയാണ്? ഇന്ന് ടിവിയിലും ഓണ്‍ലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പരസ്യങ്ങള്‍ ഇന്നും ടിവിയിലും ഓണ്‍ലൈനിലും വരുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യുന്നത്.

കണ്ണൂരിലും കാസര്‍കോട്ടും സിപിഎം കള്ളവോട്ട് ചെയ്യാന്‍ വേണ്ടി വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണം കെസി വേണുഗോപാല്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളിലും ചീമേനിയിലും രാത്രിയുടെ അന്ത്യയാമങ്ങളില്‍ വ്യാജ കാര്‍ഡുകള്‍ അച്ചടിച്ചു കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അകത്തു നിന്നു തന്നെ ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഇത് പരിശോധിക്കേണ്ടതും നടപടിയെടുക്കേണ്ടതും തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവാദിത്തമാണ്. വ്യാജ കാര്‍ഡ് നിര്‍മാണം ഉന്നയിച്ചതിന് തനിക്ക് വക്കീല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്. അതിന് മറുപടി കൊടുത്തിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ മറുപടി നല്‍കി. 

വൈക്കത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് എന്തൊക്കെയോ മറച്ചുവയ്ക്കുന്നതായി അദ്ദേഹത്തിന്റെ കുടുംബത്തിന് സംശയമുണ്ടെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകള്‍ വീട്ടുകാരെ കാണിക്കാന്‍ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്. കര്‍ഷകന്റെ ആത്മഹത്യയ്ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സിപിഐയുടെ ആരോപണത്തിന് മറുപടി പറയാനില്ല. ഗൂഢാലോചന നടത്തി പ്രളയം സൃഷ്ടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു മനുഷ്യന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സ്വയം ജീവനെടുക്കുമോ? കര്‍ഷകന്റെ മരണം കൊലപാതകമാണെന്ന് എല്‍ഡിഎഫിന് പരാതിയുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കാത്തതെന്ത്? കൊലപാതകമാണെങ്കില്‍ 24 മണിക്കൂറിനകം കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് കഴിയേണ്ടെയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.