കുമ്പിടിക്ക് വോട്ട് ഗുരുവായൂരില്‍, സമ്മതിക്കണം ഇദ്ദേഹത്തെ; സുരേഷ് ഗോപിയെ പരിഹസിച്ച് അനില്‍ അക്കര

 

ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്ലാറ്റിലാണ് അദ്ദേഹത്തിന്റെ വോട്ട് ചേര്‍ത്തത്.

 

പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് തൃശ്ശൂരിലെ ഗുരുവായൂരില്‍ വോട്ട് ചേര്‍ത്തതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഓരോ തെരഞ്ഞെടുപ്പിലും പലയിടത്ത് വോട്ട് ചേര്‍ക്കുന്ന കുമ്പിടിയാണ് സുരേഷ് ഗോപിയെന്ന് അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'കുമ്പടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ഗുരുവായൂരില്‍, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ.' എന്നാണ് അനില്‍ അക്കരയുടെ കുറിപ്പ്.

പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പര്‍ വോട്ടര്‍ ആയാണ് സുരേഷ് ഗോപിയെ ചേര്‍ത്തിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്ന അച്യുതം ഫ്ലാറ്റിലാണ് അദ്ദേഹത്തിന്റെ വോട്ട് ചേര്‍ത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഒന്നാണ് അച്യുതം. ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അച്യുതത്തില്‍ ഫ്ലാറ്റ് ഉണ്ട്.