പുലിക്കളി പരാമർശം മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു ; ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ
പുലികളിയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി കെ ശ്രീരാമൻ വ്യക്തമാക്കിയിരിക്കുന്നത്.
കൊച്ചി: പുലികളിയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി കെ ശ്രീരാമൻ വ്യക്തമാക്കിയിരിക്കുന്നത്.
പുലികളിയെ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉണ്ടായ പ്രതികരണങ്ങളിൽ ശ്രദ്ധേയമായി തോന്നിയതെന്ന് പറഞ്ഞ് ആ അഭിപ്രായം കൂടി പങ്കുവെച്ചാണ് വി കെ ശ്രീരാമൻ്റെ ഖേദപ്രകടന പേസ്റ്റ്. 'തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിങ്കിൾ തീം കാർണിവെൽ ആണ്. കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത (ആയോധന കല) കലർന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്. കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്പെക്ടക്കിൾ സൃഷ്‌ടിക്കുക എന്നതാണ് പ്രധാനം' എന്ന അഭിപ്രായം പങ്കുവെച്ച് ഈ അഭിപ്രായം ശരിയാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും അതിനാൽ തൻ്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും വി കെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നും വി കെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ ആശംസിച്ചിട്ടുണ്ട്.
'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെ'ന്നുമായിരുന്നു പുലിക്കളിക്കളരിയുടെ ചിത്രം പങ്കുവെച്ച് ശ്രീരാമന്‍ ഫേസ്ബുക്ക് കുറിപ്പിൽ വി കെ ശ്രീരാമൻ വിമര്‍ശിച്ചത്. 'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ്
സുബ്രന്‍സാമി പറയുന്നത്.അതാണൊരാശ്വാസം', എന്നായിരുന്നു വി കെ ശ്രീരാമന്റെ പോസ്റ്റ്.
എന്നാൽ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്ന് വന്നിരുന്നു. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ രംഗത്തെത്തിയിരുന്നു. ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗ് ആണെന്നായിരുന്നു അയ്യന്തോള്‍ പുലിക്കളി ദേശം വിമർശിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണിയിലെ പാട്ടിനെക്കുറിച്ചും ഇത്തരത്തില്‍ രണ്ട് നിലപാടുണ്ടല്ലോയെന്നും പുലിക്കളിക്കെതിരെ നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്നുമായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. 'പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണ്. സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും ചോദ്യം ഉയർന്നു. കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? ഏറ്റവും മോശം ഡ്രസും ധരിച്ച് ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് എന്താണ് തോന്നുന്നതെന്നും ചോദ്യമുണ്ട്. ആണിനും പെണ്ണിനും രൂപഭംഗി ഇല്ലാത്തത് തന്നെയാണ്, പിന്നെ കലയ്ക്ക് വേണ്ടി ആഭാസം എന്നൊന്നും പറയരുത് കുറേ മനുഷ്യരുടെ ജീവിതമാണ്. കുറേ മനുഷ്യരുടെ കാത്തിരിപ്പാണെന്ന നിലയിലും വിമർശനങ്ങൾ ഉയർന്നു.
കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഇതിന് പിന്നാലെ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പ്രതികരിച്ചിരുന്നു. പുലിക്കളിയെ ഒരു കലാരൂപമായി കാണാന്‍ കഴിയില്ലെന്നും പറഞ്ഞത് തൻ്റെ അഭിപ്രായമാണെന്നും ഒരു തവണ മാത്രമാണ് പുലിക്കളി കണ്ടതെന്നും വീണ്ടും കാണാന്‍ തോന്നിയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള നാട്ടിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.