പിഎംശ്രീ : അറബിക്കടലിലെ വെള്ളം വറ്റിപോയോയെന്ന് വി കെ സനോജ് എംഎൽഎ
മട്ടന്നൂർ : പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്ന് പറഞ്ഞവർക്ക് ഇപ്പോൾ അറബിക്കടലിൽ വെള്ളമില്ലാതായോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ. മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎംശ്രീയിൽനിന്ന് പിന്മാറുന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുംഇല്ലെന്ന് കേന്ദ്രമന്ത്രി രാജ്യസഭയിൽ വുക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിനെതിരെ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. ആ സാഹചര്യത്തിൽ പദ്ധതി മരവിപ്പിക്കാൻ നിലപാടെടുത്ത സർക്കാർ അതുമായി ബന്ധപ്പെട്ട് ഒു കാര്യവും പിന്നീട് നടത്തിയിട്ടില്ല.
എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യംതന്നെ പിഎം ശ്രീയുടെ ഫയലുകൾ തപ്പിയെടുത്ത് മുന്നോട്ടു പോകുകയാണ്. പിഎം ശ്രീ മുൻനിർത്തി എൽഡിഎഫിനെതിരെ കടുത്ത വർഗീയ പ്രചാരണം നടത്തിയാണ് യുഡിഎഫ് അധികാരത്തിൽ വന്നത്. എൽഡിഎഫ് വർഗീയ പാർട്ടിയാണെന്നും ആർഎസ്എസുമായി ഡീലുണ്ടാക്കിയ സർക്കാരാണെന്നുവരെ ആക്ഷേപം ഉന്നയിച്ചു. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
ഇപ്പോൾ പദ്ധതി അറബിക്കടലിൽ എറിയാൻ വെള്ളമില്ലേ -അദ്ദേഹം ചോദിച്ചു. പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറിയാൽ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിട്ടുപോലും പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഏതുതരം ഡീലിന്‍റെ ഭാഗമാണെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും വി കെ സനോജ് എംഎൽഎ ആവശ്യപ്പെട്ടു.