ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറും; ഇത് കേരളത്തിന് അഭിമാനകരമായ നിമിഷം - മുഖ്യമന്ത്രി പിണറായി വിജയൻ

മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമെന്നാണ് വിഴിഞ്ഞം പദ്ധതിയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നതെന്നും ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെ പറഞ്ഞു.

ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും മുഖ്യമന്ത്രി

വിഴിഞ്ഞം : വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മള്‍ ഇതു നേടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്നും വ്യക്തമാക്കി. ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാം മില്ലേനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടമെന്നാണ് വിഴിഞ്ഞം പദ്ധതിയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നതെന്നും ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നതെന്നും മുഖ്യമന്ത്രി വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കവെ പറഞ്ഞു.

'8,686 കോടിയില്‍ 5,370.86 കോടി കേരളം മുടക്കുമ്പോൾ, ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്, നിശ്ചയദാര്‍ഢ്യമാണ്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണ്.' മുഖ്യമന്ത്രി പറഞ്ഞു.