വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

 

ഏതാണ്ട് 10,000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും

 

തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.

ഏതാണ്ട് 10,000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് നാലു കിലോമീറ്റര്‍ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.