വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു,  പണം തട്ടി ; യുവാവ് വിഴിഞ്ഞം പോലീസിന്റെ പിടിയിൽ 

വിവാഹവാഗ്ദാനം നൽകി 29-കാരിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും ഏഴുപവൻ സ്വർണവും ഒൻപതുലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്ത യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. യുവാവ് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതറിഞ്ഞ് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

 

വിഴിഞ്ഞം: വിവാഹവാഗ്ദാനം നൽകി 29-കാരിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും ഏഴുപവൻ സ്വർണവും ഒൻപതുലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്ത യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. യുവാവ് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതറിഞ്ഞ് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

മണക്കാട് പോസ്റ്റ് ഓഫീസിനുസമീപം താമസിക്കുന്ന സച്ചിൻകുമാറി(32)നെയാണ് അറസ്റ്റുചെയ്തത്. 2022 മുതൽ ഇക്കഴിഞ്ഞ ജനുവരിവരെയായിരുന്നു ഇയാൾ പലയിടങ്ങളിലെത്തിച്ചു പീഡനം നടത്തിയത്. ഇതിനിടയിൽ വിവാഹം കഴിക്കാമെന്ന് സച്ചിൻകുമാർ യുവതിക്ക് ഉറപ്പുകൊടുത്തു. കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽവെച്ച് വിവാഹം ചെയ്യാമെന്നായിരുന്നു ഉറപ്പുനൽകിയത്. ഇതനുസരിച്ച് യുവതിയും അമ്മയും ഉൾപ്പെട്ട ബന്ധുക്കളുമായി ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻകുമാർ എത്തിയിരുന്നില്ല.

വിവാഹത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അടുത്ത സുഹൃത്ത് തിരുവല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇക്കാരണത്താൽ തനിക്ക് എത്താനാവില്ലെന്നായിരുന്നു ഇയാൾ യുവതിയെ അറിയിച്ചത്. ഇതേത്തുടർന്ന് വിവാഹം നടന്നില്ല. ഇതിനുശേഷം പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ മറ്റൊരു യുവതിയെ വിവാഹംചെയ്യാൻ പോകുന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതേത്തുടർന്ന് തന്റെ ഒൻപതുലക്ഷം രൂപയും ഏഴുപവന്റെ സ്വർണവും വിവാഹവാഗ്ദാനം നൽകി തട്ടിയെടുത്തെന്നുകാണിച്ച് വിഴിഞ്ഞം പോലീസിൽ യുവതി പരാതി നൽകി. ഈ വിവരമറിഞ്ഞ സച്ചിൻകുമാർ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.

ഇതേത്തുടർന്ന് വിഴിഞ്ഞം പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും വിവരം കൈമാറിയിരുന്നു. പാലക്കാട്ടുവെച്ച് ഇയാളെ തീവണ്ടിയിൽനിന്ന് റെയിൽവേ പോലീസ് തടഞ്ഞുവെച്ച് വിഴിഞ്ഞം പോലീസിനെ അറിയിച്ചു. എസ്.എച്ച്.ഒ. റെജി രാജ്, അസി. സബ് ഇൻസ്‌പെക്ടർ എസ്.സാബു, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവർ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.