വിഴിഞ്ഞത്ത് പാർക്ക് ചെയ്തിരുന്ന മത്സ്യബന്ധന ലോറിക്ക് തീപിടിച്ചു
വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന മത്സ്യബന്ധന ലോറിക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചത്. വിഴിഞ്ഞം യൂണിറ്റിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സേനാംഗങ്ങൾ സ്ഥലത്തെത്തി ദ്രുതഗതിയിൽ പ്രവർത്തിച്ചതിനാലാണ് വൻ അപകടം ഒഴിവായത്.
മത്സ്യബന്ധന സീസൺ അല്ലാത്തതിനാൽ ഏറെ നാളായി ഒരിടത്ത് തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു ഈ ലോറി. അപകടസമയത്ത് വാഹനത്തിന്റെ ബാറ്ററി വരെ നീക്കം ചെയ്തിരുന്ന അവസ്ഥയിലായിരുന്നു. അതിനാൽ തന്നെ ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടുത്തം ഉണ്ടായതെന്ന പ്രാഥമിക നിഗമനം അധികൃതർ തള്ളി. ലോറിക്ക് സമീപം കൂട്ടിയിട്ടിരുന്ന ചപ്പ് ചവറുകൾക്ക് ആരോ തീയിട്ടതാകാം ലോറിയിലേക്ക് പടരാൻ കാരണമെന്നാണ് ഫയർഫോഴ്സ് വിലയിരുത്തുന്നത്.
പിൻഭാഗത്തെ ടയറുകളിൽ നിന്ന് തുടങ്ങിയ തീ ലോറിയുടെ യന്ത്രഭാഗങ്ങളിലേക്ക് പടർന്നു കയറുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലോറിക്ക് തൊട്ടടുത്ത് തന്നെ മറ്റൊരു വാഹനവും പാർക്ക് ചെയ്തിരുന്നു. എന്നാൽ ഫയർഫോഴ്സ് കൃത്യസമയത്ത് എത്തിയതിനാൽ തീ മറ്റ് വാഹനങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാൻ സാധിച്ചു. വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.