വിഴിഞ്ഞത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് അപകടം ; യുവാവിനും യുവതിക്കും ദാരുണാന്ത്യം

രാത്രി യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞു. അപകടത്തിൽ സുഹൃത്തുക്കളായ യുവാവിനും യുവതിക്കും ജീവൻ നഷ്ടമായി. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല കോഴിക്കക്കുഴി മേലെ പുത്തൻവീട്ടിൽ സജീവിന്റെയും ഷേർളിയുടെയും മകൻ സുജി (26), മെഡിക്കൽ കോളേജ് മുറിഞ്ഞപാലം തോട്ടുവരമ്പ് എൻ.ആർ.എ. 16ൽ രാജന്റെയും മിനിയുടെയും മകൾ അർച്ചന രാജ് (31) എന്നിവരാണ് മരിച്ചത്.
 

 വിഴിഞ്ഞം: രാത്രി യാത്രയ്ക്കിടെ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞു. അപകടത്തിൽ സുഹൃത്തുക്കളായ യുവാവിനും യുവതിക്കും ജീവൻ നഷ്ടമായി. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല കോഴിക്കക്കുഴി മേലെ പുത്തൻവീട്ടിൽ സജീവിന്റെയും ഷേർളിയുടെയും മകൻ സുജി (26), മെഡിക്കൽ കോളേജ് മുറിഞ്ഞപാലം തോട്ടുവരമ്പ് എൻ.ആർ.എ. 16ൽ രാജന്റെയും മിനിയുടെയും മകൾ അർച്ചന രാജ് (31) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ വെങ്ങാനൂർ-പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപത്താണ് അപകടം. പള്ളിച്ചൽ ഭാഗത്തുനിന്ന് വെങ്ങാനൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞതായാണ് വിഴിഞ്ഞം പോലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. അർച്ചന രാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു.

അപകടവിവരം അറിഞ്ഞെത്തിയ വിഴിഞ്ഞം പോലീസ് ആംബുലൻസിലാണ് പരിക്കേറ്റ സുജിയെയും അർച്ചനയുടെ മൃതദേഹവും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്ത് വിഴിഞ്ഞം പോലീസും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. അപകടത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്.