ശബരിമല മാലിന്യ മുക്തമാക്കാൻ വിശുദ്ധി സേനയുടെ 1000 പേർ സജ്ജം ; സന്നിധാനത്ത് മാത്രം 300 പേർ

ശബരിമല തീർത്ഥാടന കാലയളവിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങൾ വൃത്തിയായും മാലിന്യമുക്തമായും സൂക്ഷിക്കാൻ ആയിരത്തോളം പേരെ സജ്ജമാക്കി സാനിറ്റേഷൻ സൊസൈറ്റി. പത്തനംതിട്ട ജില്ലാ കളക്ടർ എ നിസാമുദ്ദീൻ ചെയർമാനായും അടൂർ ആർ.ഡി.ഒ മെമ്പർ സെക്രട്ടറിയുമായുള്ള സൊസൈറ്റി ആണ് വിശുദ്ധി സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 

 
ശബരിമല : ശബരിമല തീർത്ഥാടന കാലയളവിൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങൾ വൃത്തിയായും മാലിന്യമുക്തമായും സൂക്ഷിക്കാൻ ആയിരത്തോളം പേരെ സജ്ജമാക്കി സാനിറ്റേഷൻ സൊസൈറ്റി. പത്തനംതിട്ട ജില്ലാ കളക്ടർ എ നിസാമുദ്ദീൻ ചെയർമാനായും അടൂർ ആർ.ഡി.ഒ മെമ്പർ സെക്രട്ടറിയുമായുള്ള സൊസൈറ്റി ആണ് വിശുദ്ധി സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സന്നിധാനത്ത് 300 വിശുദ്ധി സേനാംഗങ്ങളെയും പമ്പയിൽ 250 പേരെയും നിലയ്ക്കലിൽ 420 പേരെയും പന്തളത്ത് 20 പേരെയും കുളനടയിൽ 10 പേരെയും വൃത്തിയാക്കുന്നതിനും മാലിന്യനിർമാർജന പ്രവർത്തികൾക്കുമായി നിയോഗിച്ചിരിക്കുന്നു.

അയ്യപ്പ സേവാ സംഘത്തിന്റെ സഹായത്തോടെ സേലത്ത് നിന്നാണ് വിശുദ്ധി സേനാംഗങ്ങളിൽ കൂടുതൽ പേരും എത്തിയിട്ടുള്ളത്. സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്ലാസ്റ്റിക് ,ജൈവ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുക എന്നതാണ് പ്രധാന ജോലി. ഇതിനായി ദേവസ്വം ബോർഡ്, കടകൾക്കു മുന്നിലും വിവിധ ഭാഗങ്ങളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം 300 പേരെയാണ് ക്ലീനിങ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് 15 സെഗ്മെന്റ് ആയി തിരിച്ചാണ് ഇവർക്ക് ജോലി നൽകിയിട്ടുള്ളത് എന്ന് നിലവിലെ സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് എം ബിപിൻകുമാർ അറിയിച്ചു. ഡ്യൂട്ടി മജിസ്‌ട്രേറ്റ് ആണ് ദൈനംദിന ക്ലീനിങ് പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നത്. ഓരോ സെഗ്മെന്റിനും ഒരു സെഗ്മെന്റ് ഓഫീസറെ  ജില്ലാ കളക്ടർ നിയോഗിച്ചിട്ടുണ്ട്. പത്തുദിവസത്തേക്ക്്  റൊട്ടേഷൻ വരത്തക്ക വിധമാണ് സെഗ്മെന്റ് ഓഫീസർമാരുടെ നിയമനം. 

തീർത്ഥാടകർ കയറിവരുന്ന ഇടങ്ങളിലും കടകൾക്കു മുന്നിലും ദേവസ്വം ബോർഡ് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും ജൈവ- അജൈവ മാലിന്യങ്ങൾ പ്രത്യേകം നിക്ഷേപിക്കണമെന്ന് എഴുതിയും വച്ചിട്ടുണ്ട്. നിറയുന്ന മുറയ്ക്ക് വിശുദ്ധ സേനാംഗങ്ങൾ എത്തി വേസ്റ്റ് നീക്കം ചെയ്യുന്നു. ഇതിനായി 5 ട്രാക്ടറുകൾ അടൂർ ആർ ഡി. ഒയുടെ നേതൃത്വത്തിൽ   എടുത്ത് നൽകിയിരിക്കുന്നു. ആവശ്യമെങ്കിൽ തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതൽ ട്രാക്ടറുകൾ നൽകാൻ ദേവസ്വം ബോർഡ് സന്നദ്ധമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അവലോകന യോഗത്തിൽ അറിയിച്ചി്ട്ടുമുണ്ട്. ആയിരം പേരുടെ നിയമനം മകരവിളക്ക് വരെയാണ്. വിശുദ്ധി സേനാംഗങ്ങൾക്ക് ബൂട്ട്, ചപ്പൽ, ഗ്ലൗസ്, സോപ്പ് ,വെളിച്ചെണ്ണ എന്നിവ കൂടാതെ പ്രത്യേകം യൂണിഫോമും നൽകിയിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്.