വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും പിഴയും
യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് ദമ്പതികള്‍ക്ക് മനസ്സിലായത്.
തുടക്കം മുതല്‍ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവര്‍ത്തിച്ചതെന്നാണ് ശിക്ഷാവിധിയില്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
വിസ തട്ടിപ്പുകേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി . രണ്ട് കേസുകളിലായാണ് ശിക്ഷാവിധി. പിഴയായി 66.5ലക്ഷം രൂപ അടയ്ക്കുകയും വേണം. യുകെയില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ജോബി ജോര്‍ജിനെ ശിക്ഷിച്ചത്. പിഎംഎല്‍എ കേസുകള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി. തുടക്കം മുതല്‍ തന്നെ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവര്‍ത്തിച്ചതെന്നാണ് ശിക്ഷാവിധിയില്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
തുടര്‍ന്നാണ് രണ്ട് കേസുകളിലും രണ്ട് വര്‍ഷം വീതം തടവിന് ശിക്ഷിച്ചത്. നിരീക്ഷണത്തോടെയാണ് രണ്ടുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചത്. കേസില്‍ ജോബി ജോര്‍ജ്ജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. യുകെയിലേക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2011 ല്‍ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവില്‍ നിന്ന് ജോബി കൈപ്പറ്റിയത്. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ല്‍ പണം തിരികെ നല്‍കുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും മടങ്ങി. തുടര്‍ന്നാണ് മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു പരാതി നല്‍കിയത്. ഈ കേസില്‍ 50ലക്ഷം പിഴ നല്‍കണം. ഇത് പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
യുകെയില്‍ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഭാര്യ ഡാര്‍ലി ബിജു എന്നിവരില്‍ നിന്നും ജോബി ലക്ഷങ്ങള്‍ തട്ടിയത്. ലണ്ടനിലെ ന്യൂകാസിലില്‍ ഒരു 'ഓഫ് - ലൈസന്‍സ്' ഷോപ്പില്‍ പങ്കാളിത്തം നല്‍കാമെന്നും, ഡാര്‍ലിക്ക് ലണ്ടനിലെ എല്‍ബിഎ കോളേജില്‍ ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഡിപ്ലോമയ്ക്ക് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
എന്നാല്‍ യുകെയിലെത്തിയതോടെയാണ് തട്ടിപ്പ് ദമ്പതികള്‍ക്ക് മനസ്സിലായത്. ഇതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു പരാതിക്കാര്‍ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ ജോബിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കേസിലെ വിചാരണ നടപടികള്‍.