വൈറൽ കപ്പ് ; ഐക്യദാർഡ്യത്തിന് മുഖ്യമന്ത്രി ഉപയോഗിച്ച വാചകം , ‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ വന്ന കഥ
തിരുവനന്തപുരം: മുഖ്യമന്ത്രി അതിജീവിതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പ് ഉയർത്തിയത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു . എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിലൊരാൾ അയാളുടെ അറസ്റ്റിന് പിന്നാലെ ഈ വരികൾ ഉൾപ്പെട്ട കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഈ വാചകത്തെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയും ഉയരുകയാണ്. അതിജീവിതകളോടുള്ള ഐക്യദാർഢ്യ പ്രകടനമായാണ് ഒരു വിഭാഗം അതിനെ കാണുന്നത്.
സ്വന്തം പക്ഷത്തുയർന്നു വന്ന അസംഖ്യം ലൈംഗിക കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന, കുറ്റപത്രം വരെ സമർപ്പിക്കപ്പെട്ട കുറ്റാരോപിതരോടൊപ്പം വേദി പങ്കിടാൻ മടിക്കാത്ത, പരാതികൾ നീതിന്യായ സംവിധാനത്തിന് മുന്നിലെത്തുന്നില്ല എന്നുറപ്പ് വരുത്തുന്ന ഒരു നേതാവിന്റെ സെലക്റ്റീവായ, പി ആർ എക്സർസൈസ് എന്ന് വിമർശകർ ഇതിനെ വിശേഷിപ്പിച്ച. എന്നാൽ, ഈ വാചകം ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിന്റെ യഥാർത്ഥ ഉറവിടം വന്നതെങ്ങനെയെന്ന് നോക്കാം.
സാം മക്ബ്രറ്റ്നിയെന്ന ബ്രിട്ടീഷ് എഴുത്തുകാരൻ 1994 ൽ എഴുതിയ പുസ്തകമാണ് ഗസ് ഹൗ മച്ച് ഐ ലവ് യൂ. കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരേ പോലെ പ്രിയപ്പെട്ട ഒരു പുസ്തകമാണിത്. 57 ഭാഷകളിലായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ 5 കോടി കോപ്പികൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. അതിലെ ഏറ്റവും പ്രശസ്തമായ വാചകമാണ് 'I love you right up to the moon and back'. ഉറങ്ങാൻ കിടന്ന അച്ഛൻ കാട്ടുമുയലും കുട്ടിക്കാട്ടുമുയലും തമ്മിൽ തങ്ങളിൽ ആർക്കാണ് ഏറ്റവും കൂടുതൽ സ്നേഹമെന്ന മത്സരം വക്കുന്നു.
കുട്ടി തനിക്കറിയാവുന്ന അകലങ്ങൾ കൊണ്ടും ഉയരങ്ങൾ കൊണ്ടുമൊക്കെ തനിക്ക് അച്ഛനോടുള്ള സ്നേഹത്തെ അടയാളപ്പെടുത്തി. എന്നാൽ, അച്ഛൻ മുയലാകട്ടെ ഇതിനെയെല്ലാം ഭേദിക്കുന്ന വാചകങ്ങൾ പറഞ്ഞു കുട്ടിക്കാട്ടുമുയലിനെ തോൽപ്പിച്ചു. ഒടുവിൽ കുട്ടിക്കാട്ടുമുയലിന് ഉറക്കം വന്നു. കണ്ണുകളടയാൻ നേരം കുട്ടിക്കാട്ടുമുയൽ ജനാലയിലൂടെ നോക്കി ദൂരെ ആകാശത്തെ അമ്പിളിമാമനെ നോക്കി "I love you right up to the moon എന്ന് പറഞ്ഞു. ജയമുറപ്പിച്ച് ഉറങ്ങി. എന്നാൽ, കുട്ടിക്കാട്ടുമുയൽ ഉറങ്ങിയ ശേഷം അച്ഛൻ അവന്റെ ചെവിയിൽ പതിയെ "I love you right up to the moon and back" എന്ന് പറഞ്ഞു. ഇപ്പോഴും, സ്നേഹം പ്രകടിപ്പിക്കാൻ ഇതിലും വലിയ മീറ്ററിലുള്ള വാചകങ്ങൾ ലോകത്തുണ്ടോയെന്നത് സംശയമാണ്.